പുറപ്പെടാൻ തുടങ്ങുന്നതിനിടെ വിമാനത്തിൽ പുക; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

സാൻ ഫ്രാൻസിസ്കോ: വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മയാമിയിലേക്ക് പുറപ്പെടാൻ തയാറായി നിന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ, ഒരു യാത്രക്കാരൻ്റെ ലാപ്‌ടോപ്പ് ബാഗിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഉടൻ തന്നെ യാത്രക്കാരെ വിമാനത്തിൽ നിന്നും ഒഴിപ്പിച്ചു. എമർജൻസി സ്ലൈഡുകളിലൂടെയും ജെറ്റ് ബ്രിഡ്ജിലൂടെയുമാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.

പുറത്തുകടക്കുന്നതിനിടെ ഒരാൾക്ക് നിസ്സാര പരിക്കുപറ്റി. അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് യാത്രക്കാർക്കും ചെറിയ പരിക്കുകൾ റിപ്പോർട്ട് ചെയ്തതായി സാൻ ഫ്രാൻസിസ്കോ അഗ്നിശമനസേന അറിയിച്ചു.

യാത്രക്കാർ കയറുന്നതിനിടെ ലാപ്‌ടോപ്പ് പുകയുന്നതായി വിമാന ജീവനക്കാർ റിപ്പോർട്ട് ചെയ്തതായി എയർലൈൻസ് അറിയിച്ചു.

അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2045 ഉച്ചയ്ക്ക് 12:15 ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വക്താവ് പറഞ്ഞു.

American Airlines Evacuated passengers Due to Smoke came from a laptop bag