കൊച്ചി: കേരളത്തിലെ പൊതുജനങ്ങൾക്ക് അമേരിക്കൻ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് അറിവ് പകരുന്ന ഇടമായി വിഭാവനം ചെയ്യപ്പെട്ട “അമേരിക്കൻ കോർണർ” ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറലും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും (CUSAT) ചേർന്ന് കുസാറ്റ് ക്യാമ്പസിൽ ഉദ്ഘാടനം ചെയ്തു.
ഇതോടെ “അമേരിക്കൻ സ്‌പേസസ്” എന്ന പേരിൽ യു.എസ്. ഗവൺമെൻറ് ലോകമെമ്പാടും നടത്തുന്ന അറുനൂറോളം സാംസ്കാരിക-വൈജ്ഞാനിക കേന്ദ്രങ്ങളുള്ള ശൃംഖലയുടെ ഭാഗമായി മാറി കുസാറ്റിലെ ഈ അമേരിക്കൻ കോർണർ. അമേരിക്കൻ സംസ്‌കാരത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് കൂടുതൽ അറിയാൻ താത്പര്യമുള്ള സമൂഹങ്ങൾക്ക് സൗജന്യവും തുറവിയുള്ളതുമായ അറിവും മാർഗ്ഗങ്ങളും പകർന്ന് നൽകുന്ന ഇടങ്ങളാണ് അമേരിക്കൻ സ്‌പേസസ് പ്രദാനം ചെയ്യുന്നത്.
യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയത്തിലെ പബ്ലിക് അഫയേഴ്‌സ് ഓഫിസർ ജീൻ ബ്രിഗാന്റി, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവ്വഹിച്ചു. കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ കൌൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ജീൻ ബ്രിഗാന്റി പറഞ്ഞു, “കുസാറ്റിലെ അമേരിക്കൻ കോർണർ കൊച്ചി യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കിക്കൊണ്ട് നവീനപാതകൾ തുറക്കുന്നതിനും വിജ്ഞാനശേഖരണത്തിനും സാംസ്‌കാരിക കൈമാറ്റങ്ങൾക്കുമുള്ള ഒരു മികച്ച കേന്ദ്രമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ന് ആരംഭിക്കുകയാണ്. ഈ പുതിയ അമേരിക്കൻ കോർണറിൻറെ പ്രവർത്തനങ്ങൾ ചെന്നൈയിലെ അമേരിക്കൻ സെൻറർ നേരിട്ട് പിന്തുണക്കും. പെൺകുട്ടികൾക്കും സ്ത്രീകൾക്കും STEAM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതം) മേഖലകളിലുള്ള ശാക്തീകരണത്തിലും ഏവർക്കും പ്രായോഗിക പഠന അവസരങ്ങൾ, സമൂഹ നന്മക്കായി STEAM മേഖലകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്രത്തിലേക്കുള്ള വഴി എളുപ്പമാക്കുന്നതിലും മാറ്റം കൊണ്ടുവരുന്നവരുടെ അടുത്ത തലമുറയെ വളർത്തുന്നതിലും അമേരിക്കൻ സെൻററും കുസാറ്റും ഒരേ പോലെ പ്രതിബദ്ധരാണ്.”
അമേരിക്കൻ കോർണർ കൊച്ചിയിലെ പ്രവർത്തനങ്ങൾ സൗജന്യവും എല്ലാവർക്കും പ്രവേശനമുള്ളതുമായിരിക്കും. അമേരിക്കൻ കോർണറിൻറെ ഉദ്ഘാടന പരിപാടികളിൽ ഒന്നാണ് കുസാറ്റിലെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SiS) “യംഗ് ഇന്നവേറ്റേഴ്‌സ് ലാബ്” എന്ന പേരിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന റോബോട്ടിക്‌സും 3D പ്രിന്റിംഗും ഉൾപ്പെട്ട പ്രായോഗിക ശിൽപശാലാ പരമ്പര. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ കേരള സർക്കാരുമായി സഹകരിച്ച് സംരംഭകർക്ക് വേണ്ടി ഒരു ബിസിനസ് കമ്യൂണിക്കേഷൻ ശിൽപശാലയും നടത്തുന്നുണ്ട്. അന്താരാഷ്ട്ര പത്രങ്ങൾ, ജേർണലുകൾ, മാസികകൾ, ഇ-പുസ്‌തകങ്ങൾ, പ്രബന്ധങ്ങൾ, ഡോക്യുമെൻ്ററികൾ എന്നിവ ലഭ്യമാക്കുന്ന ഇ-ലൈബ്രറിUSA എന്ന ഡിജിറ്റൽ സേവനവും അമേരിക്കൻ കോർണർ കൊച്ചിയിൽ ലഭ്യമാകും. ഇത്തരം ഡിജിറ്റൽ ശ്രോതസ്സുകളുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്താനായി കുസാറ്റിലെ ഗവേഷണ വിദ്യാർത്ഥികൾക്ക് വേണ്ടി പരിശീലന പരിപാടിയും ഉദ്ഘാടന ദിവസം നടന്നു.
കൃത്രിമ ബുദ്ധി, മെഷീൻ ലേണിംഗ് വിഷയങ്ങളിൽ ചെന്നൈയിലെ ഐ.ഐ.ടി. മദ്രാസുമായി ചേർന്ന് ഒരു ശില്പശാല 2025-ൽ അമേരിക്കൻ കോർണർ കൊച്ചി സംഘടിപ്പിക്കും. അമേരിക്കൻ വിദ്യാഭ്യാസത്തെപ്പറ്റി എജ്യുക്കേഷൻ യു.എസ്.എ. വിഭാഗം നടത്തുന്ന സെഷനുകളും ഉന്നത വിദ്യാഭ്യാസ മേഖലയിൽ യു.എസ്. ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ യു.എസ്.-ഇന്ത്യ എജ്യുക്കേഷൻഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) മുഖാന്തിരം നടത്തുന്ന ശിൽപശാലകളും ഭാവിപരിപാടികളിൽ ഉണ്ടാകും.
കുസാറ്റിലെ സ്റ്റുഡൻറ് അമിനിറ്റി സെന്ററിലാണ് അമേരിക്കൻ കോർണർ കൊച്ചി സ്ഥിതിചെയ്യുന്നത്. രണ്ടാം ശനിയാഴ്ചകളും പൊതു അവധികളും ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ പൊതുജനത്തിനായി തുറന്ന് പ്രവർത്തിക്കും.
American Corner in Kochi operated in partnership with US Consulate General and CUSAT