വാഷിംഗ്ടൺ: അമേരിക്കൻ സാമ്പത്തിക രംഗത്തെ സംബന്ധിച്ചടുത്തോളം ഇന്ന് സുപ്രധാന ദിനമാണ്. 4 വർഷത്തിന് ശേഷം അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ന് ബാങ്ക് സുപ്രധാന യോഗം ചേരും. പലിശ നിരക്ക് കുറച്ചുള്ള തീരുമാനം അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പ്രഖ്യാപിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലുകളും റിപ്പോർട്ടും. കാൽ മുതൽ അര ശതമാനം വരെ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തിലാണ് അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്കെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതുകൊണ്ടുതന്നെ ബാങ്കിന്റെ സുപ്രധാന യോഗത്തെ വലിയ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. 4 വർഷത്തിന് ശേഷമാണ് ഫെഡറൽ ബാങ്ക് കേന്ദ്ര പലിശ നിരക്ക് കുറക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. 2020 ലായിരുന്നു ഇതിന് മുമ്പ് അമേരിക്കൻ ഫെഡറൽ റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചത്. അമേരിക്കയിൽ നാണയപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക സൂചികകളിൽ പുരോഗതിയുണ്ടാകുന്ന സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നത് ഗുണമായേക്കുമെന്ന പ്രതീക്ഷകളാണ് ഉയരുന്നത്.