‘ട്രംപിന് നേരെയുള്ള ആക്രമണം 4 മാസം മുമ്പേ പ്രവചിച്ചു’; വൈറലായി അമേരിക്കൻ ‘ജ്യോത്സ്യന്റെ’ പ്രവചനം

വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വധശ്രമം നടക്കുമെന്ന മുമ്പേയുള്ള പ്രവചനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. നാല് മാസം മുമ്പുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മാർച്ച് 14 ന് യൂട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ, ട്രംപിൻ്റെ വധശ്രമത്തെക്കുറിച്ച് തനിക്ക് ദൈവിക ദർശനമുണ്ടായതായി ബ്രാഡൺ ബിഗ്സ് എന്നയാൾ പറയുന്നു. യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രവചനം. ട്രംപിനെതിരെയുള്ള വധശ്രമം താൻ ദിവൃ ദൃഷ്ടിയിൽ കണ്ടെന്നും ബുള്ളറ്റ് അദ്ദേഹത്തിൻറെ ചെവിയ്ക്ക് സമീപത്തുകൂടെ പാഞ്ഞു പോകുന്നതും കർണ്ണപുടം തകർക്കുന്നതും അദ്ദേഹം മുട്ടുകുത്തി വീഴുന്നതും കണ്ടെന്നാണ് ബ്രാഡൺ ബിഗ്സ് പറയുന്നത്. നിരവധിപ്പേരാണ് ബിഗ്സിൻ്റെ ഈ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്.

ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിനു നേരെ ഒരാള്‍ വെടിയുതിർത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കൻ സാമൂഹ്യമാധ്യമമായ ‘ട്രൂത്ത് സോഷ്യലി’ല്‍ കുറിച്ചു. ട്രംപിന് നേരെ വധശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം അന്വേഷണ ഏജൻസി പുറത്തുവിട്ടു. തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടത്. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide