22 വർഷങ്ങൾക്ക് മുൻപ് കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം പെറുവിലെ മഞ്ഞിൽ കണ്ടെത്തി

പെറുവിയൻ ആൻഡീസിലുണ്ടായ ഹിമപാതത്തെ തുടർന്ന് കാണാതായ ഒരു അമേരിക്കൻ പർവതാരോഹകൻ ബിൽ സ്റ്റാംഫലിന്റെ മൃതദേഹം 22 വർഷത്തിന് ശേഷം കണ്ടെത്തി. മറ്റ് രണ്ടു പർവതാരോഹകരാണ് മൃതദേഹം കണ്ടെത്തിയത്. 2002 ജൂൺ 24-നാണ് സ്റ്റാംഫലിനെ കാണതായതായി റിപ്പോർട്ട് ചെയ്യുന്നത്. പെറുവിയൻ മൗണ്ടൻ റെസ്‌ക്യൂ അസോസിയേഷനും പെറുവിയൻ നാഷനൽ പൊലീസും ചേർന്ന് പർവതത്തിൽ നിന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി യുംഗേ നഗരത്തിലേക്ക് കൊണ്ടുപോയി.

അമേരിക്കൻ സഹോദരന്മാരായ റയാൻ കൂപ്പറും വെസ്ലി വാറനും ജൂൺ 27 ന് ഹുവാസ്‌കരൻ പർവതത്തിൽ നിന്നാണ് ബിൽ സ്റ്റാംഫലി(58)ൻ്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബില്ലിൻ്റെ മകൻ ജോസഫ് സ്റ്റാംഫൽ പറഞ്ഞു. പെറുവിലെ കോർഡില്ലെറ ബ്ലാങ്കയിലെ പർവതാരോഹകർ, 22,000 അടി ഉയരമുള്ള കൊടുമുടിയിലെത്താനുള്ള വിഫലശ്രമത്തെത്തുടർന്ന് മലയിറങ്ങുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്നാണ് ഇരുവർക്കും ശ്രമം ഉപേക്ഷിക്കേണ്ടി വന്നത്.

6,700 മീറ്ററിലധികം (22,000 അടി) ഉയരമുള്ള ഹുവാസ്‌കരൻ പർവതത്തിൽ കയറുന്നതിനിടെ മഞ്ഞുവീഴ്ചയെ തുടർന്ന് സ്റ്റാംഫലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സ്റ്റീവ് എർസ്കൈനും മാത്യൂ റിച്ചാർഡ്സണ്ണും കൊല്ലപ്പെട്ടു. ഏറെ ശ്രമകരമായ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ശേഷം എർസ്‌കൈനിന്റെ മൃതദേഹം മാത്രമാണ് അന്ന് കണ്ടെത്താനായത്. മലകയറുന്നതാണ് തന്റെ ഭർത്താവിന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമെന്നും, പർവതത്തിന്റെ മുകളിൽ എത്തുമ്പോൾ താൻ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നു എന്ന് സ്റ്റാംഫൽ പറഞ്ഞതായും അദ്ദേഹത്തിന്റെ ഭാര്യ ജാനറ്റ് പറഞ്ഞു.

ആൻഡീസിലെ കോർഡില്ലേര ബ്ലാങ്ക പർവതനിരയിൽ മഞ്ഞുരുകിയതോടെയാണ് സ്റ്റാംഫലിന്റെ ശരീരം കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു. തണുപ്പായതിനാൽ സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും ഹാർനെസും ബൂട്ടുകളും സംരക്ഷിക്കപ്പെട്ടിരുന്നു. ശരീരത്തോട് ചേർന്നു കിടന്നിരുന്ന ബാഗിൽ നിന്ന് തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് തുടങ്ങി മറ്റ് വസ്തുവകകളും കണ്ടെത്തി. ഇത് മൃതദേഹം എളുപ്പത്തിൽ തിരിച്ചറിയാൻ പൊലീസിന് സഹായകരമായി.

More Stories from this section

family-dental
witywide