വാഷിങ്ടൺ: വനിതാ പ്രസിഡൻ്റിനുള്ള അമേരിക്കൻ ജനതയുടെ പിന്തുണയിൽ ഗണ്യമായ കുറവുണ്ടായതായി YouGov-ൽ നിന്നുള്ള ഏറ്റവും പുതിയ Times/SAY24 സർവേ. 2015 മുതൽ, പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീയെ തെരഞ്ഞെടുക്കാൻ താൽപര്യമുള്ള വോട്ടർമാരുടെ എണ്ണത്തിൽ ഒമ്പത് ശതമാനം പോയിൻ്റ് കുറഞ്ഞുവെന്ന് സർവേ പറയുന്നു. 54 ശതമാനം പേർ ഒരു വനിതാ പ്രസിഡൻ്റ് വരാൻ 2024 ൽ ആഗ്രഹിക്കുന്നത്. 2015 ൽ ഇത് 63 ശതമാനമായിരുന്നു. ഇവിടെയാണ് 9 ശതമാനം ഇടിവുണ്ടായത്. ജോ ബൈഡൻ മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് സർവേ നടത്തിയത്.
സർവേയിൽ പങ്കെടുത്തവരിൽ 49 ശതമാനം പേർ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും തുല്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് യോഗ്യരാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. 41 ശതമാനം അമേരിക്കക്കാരും സ്ത്രീയെ പിന്തുണക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. 77 ശതമാനം ഡെമോക്രാറ്റുകളും രാജ്യത്ത് ഒരു വനിതാ പ്രസിഡൻ്റ് വരണമെന്ന് ആഗ്രഹിക്കുമ്പോൾ 37 ശതമാനം പേർ വനിതക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നു. മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മർ, മുൻ ബഹിരാകാശ സഞ്ചാരിയും സെനറ്ററുമായ മാർക്ക് കെല്ലി, പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ എന്നിവരെയും പ്രസിഡന്റ് സ്ഥാനത്തേക്ക് നിരവധി പേർ പിന്തുണച്ചിട്ടുണ്ട്.