വാഷിംഗ്ടണ്‍: വിവിധ വിഷയങ്ങളില്‍ ഇന്ത്യയോട് എതിര്‍അഭിപ്രായം രേഖപ്പെടുത്തി ചര്‍ച്ചയിലേക്ക് സ്വയം ഇറങ്ങിച്ചെന്ന അമേരിക്ക വീണ്ടും ആന്‍ കൗള്‍ട്ടറെന്ന എഴുത്തുകാരിയിലൂടെ ഇന്ത്യാ വിരുദ്ധത വീണ്ടും ചര്‍ച്ചയാകുകയാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കില്‍ ഇന്ത്യക്കാരനായതിനാല്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യുമായിരുന്നില്ലെന്നാണ് അമേരിക്കന്‍ എഴുത്തുകാരിയായ ആന്‍ കൗള്‍ട്ടര്‍ വിവേക് രാമസ്വാമിയോട് പറഞ്ഞത്. പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിലൂടെ വളരെയധികം ജനശ്രദ്ധ നേടിയ കോടീശ്വരനായ സംരംഭകന്‍ വിവേക് രാമസ്വാമി ഒരു വംശീയ വിഷം ചീറ്റലിന് ഇരയായിരിക്കുകയാണ്. വിവേക് രാമസ്വാമി പറഞ്ഞ പല കാര്യങ്ങളും താന്‍ അംഗീകരിക്കുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹം ഇന്ത്യക്കാരനായതിനാല്‍ താന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്.
രാമസ്വാമിയുടെ പോഡ്കാസ്റ്റില്‍ സംസാരിച്ച കൗള്‍ട്ടറുടെ തുറന്നടിച്ചുള്ള അഭിപ്രായത്തില്‍ പക്ഷേ, സംയമനത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്. എന്റെ തൊലിയുടെ നിറം രാജ്യത്തോടുള്ള എന്റെ കൂറ് കുറയ്ക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മാത്രമല്ല, എക്‌സില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ അവരോടെനിക്ക് ബഹുമാനമാണെന്നും പക്ഷെ അവരുടെ അഭിപ്രായങ്ങളോട് ഞാന്‍ വിയോജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍-അമേരിക്കന്‍ മാതാപിതാക്കളുടെ മകനാണ് വിവേക് രാമസ്വാമി. ജനുവരിയില്‍ അയോവ കോക്കസിലെ തോല്‍വിക്ക് ശേഷം രാമസ്വാമി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയും റിപ്പബ്ലിക്കന്‍ ലീഡ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൗള്‍ട്ടറുടെ അഭിപ്രായത്തോട് വിയോജിച്ച് നിരവധിപേരാണ് വിവേക് രാമസ്വാമിക്ക് പിന്തുണ നല്‍കുന്നത്.