ഒന്നാം ലോകമഹായുദ്ധത്തിനും, ടൈറ്റാനിക് ദുരന്തത്തിനും സാക്ഷി; കൊച്ചുമകള്‍ക്ക് പ്രായം 69!, 115 ഉം കടന്ന് ‘അമേരിക്കയുടെ മുത്തശ്ശി’

115 എന്നത് വെറുമൊരു പ്രായമല്ല, അനുഭവങ്ങള്‍ ഇഴ ചേര്‍ത്ത ജീവിതത്തിന് കാലം നല്‍കിയ കയ്യൊപ്പുകൂടിയാണ് ഈ മുത്തശ്ശിക്ക്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് ഈ ആഴ്ച ആദ്യം 115 വയസ്സ് തികഞ്ഞു. ദീര്‍ഘവും സന്തുഷ്ടവുമായ ജീവിതം അങ്ങനെ ആസ്വദിച്ച് എലിസബത്ത് ഫ്രാന്‍സിസ് എന്ന ‘അമേരിക്കയുടെ മുത്തശ്ശി’ ജീവിക്കുകയാണ്. നിലവില്‍ ഹൂസ്റ്റണില്‍ താമസിക്കുന്ന എലിസബത്ത് ഫ്രാന്‍സിസ് ഒന്നാം ലോകമഹായുദ്ധം മുതല്‍ ടൈറ്റാനിക് മുങ്ങിത്താഴുന്നത് വരെയുള്ള എല്ലാ കാലഘട്ടങ്ങളിലും ജീവിച്ചിട്ടുണ്ട്.

വ്യാഴാഴ്ച 115 വയസിലേക്ക് കാലം അവരെ എത്തിച്ചപ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരി എന്ന ബഹുമതിയും ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നാലാമത്തെ വ്യക്തി എന്ന സ്ഥാനവും അവര്‍ ഉറപ്പിച്ചു.

ദീര്‍ഘവും സന്തുഷ്ടവുമായ ജീവിതം എങ്ങനെ ജീവിക്കാം എന്നതിനെക്കുറിച്ചുള്ള ഒരൊറ്റ ടിപ്പാണ് മുത്തശ്ശി ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്നത്. ‘മനസ് പറയുന്നത് സംസാരിക്കുക, നാവിന് കടിഞ്ഞാണിടാതെ’…

ഇപ്പോഴും ജീവിച്ചിരിക്കുന്ന തന്റെ മുത്തശ്ശി തങ്ങളെ എല്ലാവരേയും അത്ഭുതപ്പെടുത്തിയെന്നും സന്തോഷിപ്പിക്കുന്നുവെന്നും എലിസബത്ത് ഫ്രാന്‍സിസിന്റെ കൊച്ചുമകള്‍ 69 കാരി പറയുന്നു.

1909-ല്‍ ലൂസിയാനയിലെ സെന്റ് മേരി പാരിഷിലാണ് എലിസബത്ത് ഫ്രാന്‍സിസ് ജനിച്ചത്. ഇവരുടെ മകളുടെ പ്രായം ഇപ്പോള്‍ 95 വയസാണ്. ഹൂസ്റ്റണില്‍ ഒരു കോഫി ഷോപ്പ് നടത്തുകയും ഡ്രൈവിംഗിനെക്കാള്‍ നടക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു എലിസബത്ത്. അറ്റ്‌ലാന്റിക്കിനു കുറുകെയുള്ള ആദ്യത്തെ വിമാനയാത്രയും വില്യം ഹോവാര്‍ഡ് ടാഫ്റ്റില്‍ നിന്ന് ജോ ബൈഡന്‍ വരെയുള്ള 20 പ്രസിഡന്റുമാരെയും അവര്‍ കണ്ടു.

ഇവര്‍ ഇപ്പോള്‍ മകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഇരുവരും ഒന്നിച്ച് ടെലിവിഷനില്‍ ‘ഗുഡ് ടൈംസ്’, ‘ദി ജെഫേഴ്സണ്‍സ്’ എന്നിവയുടെ പഴയ എപ്പിസോഡുകള്‍ കണ്ട് ചിരിക്കാറുണ്ട്. ജീവിതം അവര്‍ ഇപ്പോഴും ആസ്വദിക്കുകയാണ്.

എഡിത്ത് സെക്കറെല്ലി എന്ന മുത്തശ്ശി കാലിഫോര്‍ണിയയില്‍ തന്റെ 116-ാം ജന്മദിനത്തിന് ഏതാനും ആഴ്ചകള്‍ക്കുശേഷം മരിച്ചതിനെത്തുടര്‍ന്നാണ് അമേരിക്കയുടെ മുത്തശ്ശിയായി എസിലബത്ത് ഫ്രാന്‍സിസ് എത്തുന്നത്.

115 വയസ്സ് തികയുന്നതിനെക്കുറിച്ച് എന്ത് തോന്നുന്നുവെന്ന ചോദ്യത്തിന് പുഞ്ചിരിച്ചുകൊണ്ട് മുത്തശ്ശി പറഞ്ഞത് ‘ഞാന്‍ ഇവിടെ വന്നതിന് ഞാന്‍ നല്ല കര്‍ത്താവിന് നന്ദി പറയുന്നു’, എന്നാണ്. മാത്രമല്ല, അവര്‍ക്ക് പരാതികള്‍ ഒന്നുമില്ലെന്നും കുടുംബത്തിലെ മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെയാണെന്നും പറയുന്നു.

മുത്തശ്ശിക്ക് 117 വയസ്സ് തികയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചുമകള്‍ എഥല്‍ ഹാരിസണ്‍ സന്തോഷം പങ്കുവെച്ചു. എന്തായാലും മുത്തശ്ശിയോടൊപ്പമുള്ള ജീവിതത്തില്‍ കുടുംബത്തില്‍ എല്ലാവരും സന്തുഷ്ടരാണ്, പരാതികളില്ലാതെ മുത്തശ്ശിയും…