ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്, 100 മീറ്ററില്‍ പാഞ്ഞത് വെടിച്ചില്ലുപോലെ

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനായി അമേരിക്കയുടെ നോഹ ലൈല്‍സ് മാറിയത് കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ. ലോകത്തിലെ വേഗരാജാവിനെ കണ്ടെത്താന്‍ പാരിസ് ഒളിമ്പിക്സില്‍ പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ റൗണ്ടില്‍ കുതിക്കാന്‍ കാത്തുനിന്നത് ഏറ്റവും മികച്ച എട്ട് താരങ്ങളായിരുന്നു. അവസാന 10 മീറ്ററില്‍ നോഹ അവിശ്വസനീയ കുതിപ്പ് നടത്തിയാണ് എതിരാളികളെ ഞെട്ടിച്ചത്. അതുവരെ കിഷെയ്ന്‍ തോംസണായിരുന്നു മുന്നില്‍.

100 മീറ്റര്‍ ഓട്ടം 9.784 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സിന്റെ നേട്ടം. ഇതോടെ 20 വര്‍ഷത്തിന് ശേഷം 100 മീറ്ററിലെ സ്വര്‍ണം അമേരിക്കയിലെത്തി. ജമൈക്കയുടെ കിഷെയ്ന്‍ തോംസണിനാണ് വെള്ളി. 9.789 സെക്കന്‍ഡിലാണ് കിഷെയ്ന്‍ തോംസണ്‍ ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ഫ്രെഡ് കെര്‍ലിക്കാണ് വെങ്കലം നേടിയത്.

ഒളിംപിക്സില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും വേഗമേറിയ പോരാട്ടമായിരുന്നു 100 മീറ്ററില്‍ നടന്നത്. ആരാണ് വിജയിയെന്ന് സൂചന പോലും ലഭിക്കാത്ത ഫിനിഷിങ്ങിനാണ് ഒളിമ്പിക്‌സ് വേദിയായത്. വെടിച്ചില്ല് കണക്കെ ഫിനിഷ് ലൈന്‍ കടക്കുകയായിരുന്നു താരങ്ങള്‍. വിജയം ആര്‍ക്കൊപ്പമെന്നറിയാന്‍ പിന്നെയും കാത്തിരിക്കേണ്ടി വന്നു. കാത്തിരിപ്പിനൊടുവില്‍ സെക്കന്റിന്റെ അയ്യായിരത്തില്‍ ഒരംശത്തിനാണ് നോഹ ലൈല്‍സ് വിജയിച്ചതായി അറിയിപ്പ് വന്നത്. ആകാംക്ഷ നിറഞ്ഞ മത്സരത്തില്‍ 9.78 സെക്കന്റിലാണ് നോഹയും കിഷെയ്ന്‍ തോംസണും ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷില്‍ നോഹ 9.784 സെക്കന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ 9.789 സെക്കന്റില്‍ കിഷെയ്ന്‍ തോംസണിന് വെള്ളി കൊണ്ടാണ് തൃപ്തിപ്പെടേണ്ടിവന്നത്. 9.81 സെക്കന്റില്‍ അമേരിക്കയുടെ പേര് വീണ്ടും എഴുതിച്ചേര്‍ത്താണ് ഫ്രെഡ് കെര്‍ലിക്ക് വെങ്കലം നേടിയത്.