അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ധം മെച്ചപ്പെടുമെന്ന് ചൈന പ്രതീക്ഷിക്കേണ്ട: എസ്. ജയ്‌ശങ്കർ

നാഗ്പൂർ: അതിർത്തിയിലെ സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, മറ്റ് ബന്ധങ്ങൾ സാധാരണഗതിയിൽ നീങ്ങുമെന്ന് ചൈന പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ.

നയതന്ത്ര തലത്തിലുള്ള ചർച്ചകൾ തുടരുമെന്നും എന്നാൽ ചില വിഷയങ്ങളിൽ പെട്ടെന്ന് പരിഹാരം കാണാനാവില്ലെന്നും ജയശങ്കർ പറഞ്ഞു. നാഗ്പുരിൽ നടന്ന പരിപാടിയില്‍ ‘ഭൗമരാഷ്ട്രീയത്തിൽ ഭാരതത്തിന്‍റെ ഉയർച്ച’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരേസമയം, യുദ്ധംചെയ്യാനും വാണിജ്യബന്ധം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കില്ല. നയതന്ത്രപരമായ പ്രശ്‌നങ്ങളിൽ പരിഹാരം അതിവേ​ഗം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘അതിർത്തി തർക്കത്തിൽ പരിഹാരം ഉണ്ടാവുന്നതുവരെ മറ്റു കാര്യങ്ങളിൽ സഹകരണം പ്രതീക്ഷിക്കരുതെന്ന് ചൈനീസ് പ്രതിനിധിയോട് പറഞ്ഞിരുന്നു. ഒരുഭാഗത്ത് യുദ്ധം ചെയ്യാനും മറുവശത്ത് വ്യാപാരത്തിൽ ഏർപ്പെടാനുമാവില്ല. അതിർത്തിയുടെ കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര ധാരണയുണ്ടായിട്ടില്ല. തർക്ക പ്രദേശങ്ങളിൽ സൈനിക നീക്കം പാടില്ലെന്ന് ധാരണയുണ്ട്. എന്നാൽ 2020ൽ ചൈന ഇത് ലംഘിച്ചു. ഇതേത്തുടർന്നാണ് യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യയ്ക്ക് കൂടുതൽ സൈനിക വിന്യാസം നടത്തേണ്ടി വന്നത്. ഗാൽവനിലെ ഏറ്റുമുട്ടൽ ഇതിന്റെ തുടർച്ചയായിരുന്നു,” എന്നും ജയശങ്കർ പറഞ്ഞു.

മാലിദ്വീപുമായുള്ള സമീപകാല പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ജയ്‌ശങ്കർ മറുപടി പറഞ്ഞു.

“രാഷ്ട്രീയപരമായ മാറ്റങ്ങളുണ്ടാവാം. എന്നാൽ ഇന്ത്യയുമായി നല്ല ബന്ധം നിലനിൽക്കേണ്ടതിന്റെ ആവശ്യം ആ രാജ്യത്തെ ജനങ്ങൾക്കറിയാം. അടിസ്ഥാന സൗകര്യ വികസനത്തിലും വ്യാപാര – സാമ്പത്തിക വികസനത്തിലും ഇന്ത്യയുമായുള്ള ‌ബന്ധം മാലദ്വീപിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide