ചൈനയുടെ ഭീഷണിക്കിടെ, പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്കയും ജപ്പാനും

വാഷിംഗ്ടണ്‍: ചൈനയില്‍ നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ അമേരിക്കയും ജപ്പാനും നീക്കം തുടങ്ങി. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയും കൂടിക്കാഴ്ച നടത്തി. അമേരിക്കയില്‍വെച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഒമ്പത് വര്‍ഷത്തിനിടെ ഒരു ജാപ്പനീസ് രാഷ്ട്രത്തലവന്‍ നടത്തുന്ന സന്ദര്‍ശനമാണിത്

അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ബൈഡനും ഫ്യൂമിയോ കിഷിഡയും പ്രഖ്യാപിച്ച പദ്ധതികളില്‍, ഓസ്ട്രേലിയയെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ച വ്യോമ പ്രതിരോധ ശൃംഖലയും ഉള്‍പ്പെടുന്നു. കൂടാതെ, ചന്ദ്രനില്‍ ആളുകളെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടിമിസ് പ്രോഗ്രാമില്‍ ഒരു ജാപ്പനീസ് ബഹിരാകാശയാത്രികന്‍ ചേരുമെന്നും ബൈഡന്‍ പറഞ്ഞു.

ഇന്‍ഡോ-പസഫിക്കിലെ പ്രതിരോധ വിഷയങ്ങളും ഉക്രെയ്നിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളും ഇരു നേതാക്കളും പ്രധാനമായും ചര്‍ച്ച ചെയ്തു. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചകയായിരുന്നു നടന്നത്. ഉത്തരകൊറിയ, തായ്വാന്‍, ചൈന എന്നീ രാജ്യങ്ങളെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായിരുന്നു.
‘റഷ്യയുടെ ഉക്രെയ്‌നിന്റെ ആക്രമണത്തെ സംബന്ധിച്ച ചര്‍ച്ചയില്‍ ഇന്ന് ഉക്രെയ്ന്‍ നാളെ കിഴക്കന്‍ ഏഷ്യയായേക്കാം, എന്നും കിഷിഡ പറഞ്ഞു.