പ്രതിഷേധം ശക്തം: തദ്ദേശീയർക്ക് തൊഴിൽ സംവരണ ബില്ല് മരവിപ്പിച്ച് കർണാടക സർക്കാർ

ബെംഗളൂരു: തൊഴിൽ മേഖലയിൽ കർണാടക സ്വദേശികൾക്ക് സംവരണം ഏർപ്പെടുത്താനുളള വിവാദ തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് കർണാടക സർക്കാർ. തൊഴിൽ സംവരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോൺഗ്രസ് സർക്കാരിന്റെ തീരുമാനം. പ്രതിഷേധം കനത്തതോടെ ബില്ലുമായി ബന്ധപ്പെട്ട ട്വീറ്റ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡിലീറ്റ് ചെയ്തു.

സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണംചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് വിവാദങ്ങൾക്കുപിന്നാലെ താൽകാലികമായി മരവിപ്പിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക.

ഐടി മേഖലയിൽ നിന്നുൾപ്പടെ കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്. വ്യവസായ മേഖലയുമായി ആലോചിച്ച ശേഷമേ അന്തിമതീരുമാനം കൈക്കൊള്ളൂ എന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ബില്ല് മരവിപ്പിച്ച സർക്കാർ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. അടുത്ത മന്ത്രിസഭാ യോ​ഗത്തിൽ വിഷയം ​ഗൗരവമായി ചർച്ചചെയ്യാനാണ് തീരുമാനം.

കര്‍ണാടകത്തില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിനായിരുന്നു കര്‍ണാടക മന്ത്രിസഭ അംഗീകാരംനല്‍കിയിരുന്നത്. ഫാക്ടറികളിലും മറ്റ് തൊഴിലിടങ്ങളിലും മാനേജ്‌മെന്റ് തലത്തിൽ 50 ശതമാനവും അല്ലാത്ത നിയമനങ്ങളിൽ 70 ശതമാനവും കർണാടക സ്വദേശികൾക്കായി മാറ്റിവെയ്‌ക്കണമെന്ന് ആയിരുന്നു ബില്ലിലെ വ്യവസ്ഥ. ഉദ്യോഗാർത്ഥികൾ സെക്കൻഡറി സ്‌കൂൾ തലത്തിൽ കന്നഡ ഭാഷ പഠിച്ചിട്ടില്ലെങ്കിൽ ഭാഷാ പ്രാവീണ്യ പരീക്ഷയും പാസാകേണ്ടി വരും.

More Stories from this section

family-dental
witywide