ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കര്‍ പ്രതിമയ്ക്കു മുന്നിലായിരുന്നു നീല വസ്ത്രം ധരിച്ച് ഇന്ത്യാ മുന്നണി എംപിമാര്‍ പ്രതിഷേധിച്ചത്. ദലിത് സമരങ്ങളുടെ പ്രതീകമായാണ് നീല നിറത്തിലുള്ള വസ്ത്രം ധരിച്ചത്.
അതേസമയം, ഭരണപക്ഷ എംപിമാരും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുടെ രാജി ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം. പാര്‍ലമെന്റ് കവാടത്തിലാണു സ്പീക്കറുടെ റൂളിങ് മറികടന്ന് ഭരണകക്ഷി എംപിമാര്‍ പ്രതിഷേധിക്കുന്നത്.