ന്യൂഡല്‍ഹി: അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച രാമക്ഷേത്രം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. എക്സില്‍ തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച അയോധ്യ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച പുതിയ രാംലല്ല വിഗ്രഹത്തിന് മുന്നില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്ന ബച്ചനെ കാണാം.
‘ബോല്‍ സിയാ പതി രാമചന്ദ്ര കി ജയ്, എന്ന ക്യാപ്ഷനോടെയാണ് ബച്ചന്‍ ചിത്രം പങ്കുവെച്ചത്. പ്രാണ പ്രതിഷ്ഠ’ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട 7,000-ലധികം വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്നു ബച്ചന്‍.
മാത്രമല്ല, അയോധ്യയിലെ പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുമായി ബച്ചന്‍ ആഹ്ലാദം പങ്കിടുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച വീഡിയോയില്‍, മകനും നടനുമായ അഭിഷേക് ബച്ചനോടൊപ്പമുണ്ടായിരുന്ന 81 കാരനായ അമിതാഭ് ബച്ചനെ പ്രധാനമന്ത്രി മോദി കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും വ്യക്തമാണ്.
രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് തിരക്കേറിയ അയോധ്യയിലെ സെവന്‍ സ്റ്റാര്‍ എന്‍ക്ലേവില്‍ അമിതാഭ് ബച്ചന്‍ ഭൂമി വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 10,000 ചതുരശ്ര അടി ഭൂമിയാണ് വീട് വയ്ക്കാനായി ബച്ചന്‍ വാങ്ങിയതെന്നും ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 15 മിനിറ്റ് അകലെയാണ് ഇതെന്നുമാണ് പ്രചരിക്കുന്ന വിവരങ്ങള്‍.