
ദുബായ്: യുഎഇയിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പിന് തുടക്കം. റെസിഡൻസ് വിസയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ, വിസിറ്റിങ് വിസയിലെത്തി സ്വദേശത്തേക്ക് തിരിച്ചു പോകാത്തവർ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താം.
ഇതോടെ, അനധികൃത താമസക്കാരായി കഴിയുന്നവർക്ക് പിഴയും ശിക്ഷയുമില്ലാതെ ഞായറാഴ്ച മുതൽ നാടണയാം. വിസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിയമപരമായി യുഎഇയിൽ തുടരാനും അവസരമുണ്ട്. അബുദാബിയിലെ ഇന്ത്യൻ എംബസി, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലെല്ലാം അപേക്ഷകർക്ക് പ്രത്യേക സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.
ദുബായിൽ ആമർ സെന്ററുകൾ, അൽ അവീറിലെ ജയിലിലുള്ള പ്രത്യേക കേന്ദ്രം, താമസ കുടിയേറ്റകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി അപക്ഷേ സമർപ്പിക്കാം. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പ് കാലാവധി.
സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർക്കും പൊതുമാപ്പിന് അപേക്ഷിക്കാം. എന്നാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർക്കും സെപ്റ്റംബർ ഒന്നിന് ശേഷം നിയമലംഘനം നടത്തുന്നവർക്കും അപേക്ഷിക്കാൻ അർഹതയില്ലെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട് സെക്യുരിറ്റി(ഐസിപി) അറിയിച്ചു.