സൂറത്ത്: വീട്ടുജോലി ചെയ്യാന്‍ പറഞ്ഞത് അനുസരിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് അഛന്‍ മകളെ പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്.
ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അമ്മയായ ഗീതാ ബെന്‍ നല്‍കിയ പരാതിയിലാണ് കേസ്. മകളോട് വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടാണ് ഗീത ജോലിക്കു പോയത്. ഈസമയം ഭര്‍ത്താവ് മുകേഷും വീട്ടിലുണ്ടായിരുന്നു. എന്നാല്‍ ജോലി ചെയ്യാന്‍ മുകേഷും ആവശ്യപ്പെട്ടു. മകളാകട്ടെ ഗെയിമില്‍ മുഴുകി. ക്ഷുഭിതനായ മുകേഷ് മകളെ കുക്കര്‍കൊണ്ട് അടിക്കുകയായിരുന്നു. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ഹെതാലിയുടെ അനുജന്‍ മായങ്ക് (13) കരച്ചില്‍ കേട്ട് അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന സഹോദരിയെ കണ്ടത്. മായങ്ക് വിവരം ഫോണിലൂടെ അമ്മയെ അറിയിച്ചു. പാഞ്ഞെത്തിയ അവര്‍ ഹെതാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.