67 ദിവസം 15 സംസ്ഥാനങ്ങള്‍: ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആവേശകരമായ തുടക്കം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ആവേശകരമായ തുടക്കം. മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 67 ദിവസത്തിനുള്ളില്‍ 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 100 ലോക്സഭാ സീറ്റുകളിലൂടെ കടന്നുപോകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്.
ഒരു ദിവസം യാത്ര മണിപ്പൂരിലും ഇംഫാലിലുമായുണ്ടാകും. രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചേര്‍ന്നാണ് യാത്രയുടെ ഫല്‍ഗ് ഓഫ് നിര്‍വഹിച്ചത്

110 ജില്ലകളിലൂടെ 67 ദിവസങ്ങളിലായി കടന്നുപോകുന്ന യാത്ര 6,700 കിലോമീറ്റര്‍ ആണ് താണ്ടുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര മാര്‍ച്ച് 20ന് മഹാരാഷ്ട്രയില്‍ സമാപിക്കും.

10 വര്‍ഷത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ അന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. യാത്രയുടെ പ്രധാന ശ്രദ്ധാകേന്ദ്രം ഉത്തര്‍പ്രദേശാണ്. ജാര്‍ഖണ്ഡിലും അസമിലും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര മധ്യപ്രദേശില്‍ ഏഴ് ദിവസം തുടരും. ഉത്തര്‍പ്രദേശില്‍, റായ്ബറേലിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും അമേഠി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെയും യാത്ര കടന്നുപോകും.

ബിഹാറിലെ ഏഴ് ജില്ലകളിലും ഝാര്‍ഖണ്ഡിലെ 13 ജില്ലകളിലും രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ച് യഥാക്രമം 425 കിലോമീറ്ററും 804 കിലോമീറ്ററും പിന്നിടും. ഇംഫാലിലെ ഹപ്ത കാങ്ജെയ്ബുങ്ങില്‍ നിന്ന് ആരംഭിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പങ്കെടുക്കുന്നവരുടെ പേരുകള്‍ മുന്‍കൂട്ടി നല്‍കണമെന്നും ഫ്ളാഗ് ഓഫിന് നിയന്ത്രിത എണ്ണം പ്രവര്‍ത്തകര്‍ മാത്രമേ പങ്കെടുക്കാവൂ തുടങ്ങിയ ഉപാധികള്‍ മുന്നോട്ട് വെച്ചാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ പിന്നീട് ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

More Stories from this section

family-dental
witywide