ബംഗ്ലാദേശിന്റെ സമാധാനം ഇനി ഈ കൈകളില്‍; യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റു, അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി: 15 വര്‍ഷമായി അധികാര കസേരയില്‍ തുടര്‍ന്ന ഷെയ്ഖ് ഹസീന, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അതിരു കടന്നതോടെയാണ് കഴിഞ്ഞ ദിവസം രാജിവെച്ച് രാജ്യം വിട്ടത്. ഇതേത്തുടര്‍ന്ന് നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഷെയ്ഖ് ഹസീന യുഗത്തിന് അന്ത്യമാകുകയും, പുതിയ അധ്യായത്തിന് തുടക്കമിട്ടുകൊണ്ട് മുഹമ്മദ് യൂനുസ് ഇനി ബംഗ്ലാദേശിനെ സമാധാനത്തിന്റെ പാതയിലൂടെ നയിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ. ‘ഞാന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, ഒപ്പം എന്റെ കടമകള്‍ ആത്മാര്‍ത്ഥമായി നിര്‍വഹിക്കുകയും ചെയ്യും,’ പ്രതിഷേധം പ്രക്ഷുബ്ധമായി രാജ്യം അശാന്തിയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ യൂനുസ് പറഞ്ഞതിങ്ങനെ.

ചികിത്സയിലായിരുന്ന പാരീസില്‍ നിന്ന് ധാക്കയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് 84 കാരനായ യൂനുസ് സത്യപ്രതിജ്ഞ ചെയ്തത്. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ ‘ബംഗഭബനില്‍’ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റപ്പോള്‍ ലഭിച്ചത് പ്രധാനമന്ത്രിയുടേതിന് സമാനമായ പദവി. 16 അംഗ ഉപദേശക സമിതി അദ്ദേഹത്തെ സഹായിക്കും. ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധത്തിന്റെ രണ്ട് പ്രധാന നേതാക്കളായ നഹിദ് ഇസ്ലാമും ആസിഫ് മഹമൂദും ഉപദേശകരില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂനുസിന് ആശംസകള്‍ നേര്‍ന്നു, ബംഗ്ലാദേശ് സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും ഇത് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

”പ്രൊഫസര്‍ മുഹമ്മദ് യൂനുസ് പുതിയ ചുമതലകള്‍ ഏറ്റെടുത്തതിന് എന്റെ ആശംസകള്‍. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് സാധാരണ നിലയിലേക്ക് നേരത്തേ തിരിച്ചുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സമാധാനം, സുരക്ഷ, വികസനം എന്നിവയ്ക്കായുള്ള നമ്മുടെ രണ്ട് ജനങ്ങളുടെയും അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ബംഗ്ലാദേശുമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,” -മോദി എക്സില്‍ കുറിച്ചു.

More Stories from this section

family-dental
witywide