അമ്പട കേമാ…! സൂര്യനേക്കാള്‍ 500 ട്രില്യണ്‍ മടങ്ങ് തെളിച്ചമുള്ള വസ്തുവിനെ കണ്ടെത്തി

പ്രപഞ്ചത്തില്‍ ഇതുവരെ നിരീക്ഷിച്ചതില്‍ വച്ച് ഏറ്റവും തിളക്കമുള്ള വസ്തു ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ (ഇഎസ്ഒ) വെരി ലാര്‍ജ് ടെലിസ്‌കോപ്പ് (വിഎല്‍ടി) ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞര്‍ ഒരു ക്വാസറിനെയാണ് കണ്ടെത്തിയിരിക്കുന്നത്. ഗാലക്സികളുടെ ഏറ്റവും തിളക്കമുള്ള കാമ്പുകളാണ് ക്വാസറുകള്‍. അവയുടെ കേന്ദ്രങ്ങളിലെ തമോദ്വാരങ്ങളില്‍ വാതകവും പൊടിയും വീഴുമ്പോള്‍, അവ വൈദ്യുതകാന്തിക വികിരണം പുറപ്പെടുവിക്കുകയും തീവ്രമായ പ്രകാശം ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ത്തന്നെ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും തിളക്കമുള്ള വസ്തു എന്നാണ് ഇതിനെ ജ്യോതിശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

J05294351 എന്ന് പേരിട്ടിരിക്കുന്ന ഈ ക്വാസര്‍ പ്രതിദിനം ഒരു സൂര്യനു തുല്യമായ തോതില്‍ വളരുന്നുണ്ടെന്നും സൂര്യനേക്കാള്‍ 500 ട്രില്യണ്‍ മടങ്ങ് തെളിച്ചമുള്ളതാണെന്നും നേച്ചര്‍ ആസ്‌ട്രോണമിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 17 ബില്യണ്‍ സൂര്യന്റെ പിണ്ഡമുള്ള ഇത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന തമോദ്വാരമാണ്. ഈ ക്വാസറില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ 12 ബില്യണ്‍ വര്‍ഷത്തിലേറെ സഞ്ചരിക്കണം.

ഇത്രയും തിളക്കമുള്ള ഒരു വസ്തു ഇത്രയും കാലം കണ്ടെത്താനാകാതെ കിടന്നതില്‍ ആശ്ചര്യം തോന്നുന്നു എന്ന് നേച്ചര്‍ അസ്ട്രോണമിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രധാന രചയിതാവായ ക്രിസ്റ്റ്യന്‍ വുള്‍ഫ് പറഞ്ഞു. 1980 മുതല്‍ ആകാശ സര്‍വേകളില്‍ ക്വാസറിനെ കാണാമായിരുന്നുവെങ്കിലും അതിന്റെ തീവ്രമായ തെളിച്ചം കാരണം തുടക്കത്തില്‍ നക്ഷത്രമായാണ് കണക്കാക്കിയിരുന്നത്.

More Stories from this section

family-dental
witywide