ഗവർണറും ചാൻസിലറുമായ ആരിഫ് മുഹമ്മദ് ഖാന് തുറന്ന കത്തുമായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ. എം വി നാരായണൻ. തന്നെ നിയമിച്ചതും രാജിവപ്പിച്ചതും ചാൻസിലർക്കു തന്നെയാണ് അതുകൊണ്ട് നിയമനത്തില്‍ വീഴ്ചയുണ്ടായെങ്കില്‍ അതിന്ഉത്തരവാദിയും അദ്ദേഹം തന്നെ – കത്തിൽ പറയുന്നു. തന്നെ അപമാനിച്ചതില്‍ മാപ്പ് ചോദിക്കണമെന്നും ചാൻസലിർ സ്ഥാനത്തുനിന്ന് ഒഴിയണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈസ് ചാൻസിലർക്കായുള്ള അപേക്ഷ ക്ഷണിച്ചതു മുതല്‍ ഹൈക്കോടതിയുടെ വിധി വരെയുള്ള കാലയളവിലെ സംഭവ വികാസങ്ങൾ എം വി നാരായണൻ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവങ്ങളിലൊന്നും തനിക്ക് വീഴ്ചയുണ്ടായില്ലെന്നും ഉത്തരവാദിത്തം മുഴുവൻ ചാൻസിലർക്കാണെന്നും ഉറപ്പിക്കുകയാണ് മുൻ വി സി.
കത്തിലെ പ്രസക്ത ഭാഗങ്ങള്‍
പ്രിയപ്പെട്ട ആരിഫ് മുഹമ്മദ് ഖാന്‍
യു ജി സി നിയമനം പ്രകാരമല്ലായിരുന്നു എന്റെ നിയമനമെന്നും വൈസ് ചാന്‍സിലര്‍ ഓഫീസ് ഒഴിയണമെന്നുമുള്ള നിങ്ങളുടെ ഉത്തരവ് പ്രകാരം ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഓഫീസില്‍നിന്ന് ഒഴിവാക്കിയ വിവരം താങ്കള്‍ക്ക് ബോധ്യമുണ്ടല്ലോ. വിഷയത്തില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാത്തതിനെത്തുടർന്ന് മാര്‍ച്ച് 21ന് ഞാന്‍ ഓഫീസ് ഒഴിഞ്ഞു. ഈ അപമാനം എനിക്ക് നേരിടേണ്ടി വന്നത് എന്റെ തെറ്റ് കൊണ്ടല്ലെന്നും ചാന്‍സലര്‍ ചെയ്ത ക്രമക്കേടുകളും തെറ്റുകളും മൂലമാണെന്നും ഇതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
സംസ്‌കൃത സര്‍വകലാശാല വിസിയായി എന്നെ തിരഞ്ഞെടുത്തതിലും നിയമിച്ചതിലും ഒഴിവാക്കിയതിലും നേതൃത്വം നല്‍കിയത് നിങ്ങളാണെന്ന് മനസിലാകും. മുഴുവന്‍ പ്രക്രിയകളും നിലവിലുള്ള ചട്ടങ്ങള്‍ക്കനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. നിങ്ങളുടെ അധികാരികള്‍ അറിയിച്ച പദവിയിലേക്ക് അപേക്ഷിച്ചു, നിങ്ങള്‍ രൂപീകരിച്ച, നിങ്ങളുടെ ഉത്തരവ് അംഗീകരിച്ച സെലക്ഷന്‍ കമ്മിറ്റിയുമായി ചര്‍ച്ചയ്ക്കിരുന്നു എന്ന തെറ്റ് മാത്രമാണ് ഞാന്‍ ചെയ്തത്.
ഞാന്‍ വിദ്യാഭ്യാസത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ചയാളാണ്. പല രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പ്രശസ്തരായ അധ്യാപകരുടെയും പല തലമുറകളിലെ വിദ്യാര്‍ഥികളുടെയും ബഹുമാനം ഏറ്റുവാങ്ങിയയാളാണ്. സാഹിത്യനിരൂപണത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരമടക്കമുള്ള ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
എന്റെ ജീവിതകാലത്തെ കരിയര്‍ മുഴുവന്‍ ഇപ്പോള്‍ നിന്ദ്യയുടെയും അപമാനത്തിന്റെയും ഇരുണ്ട നിഴലിലാണ്. മാന്യതയുടെ ഒരു ചെറിയ അംശമെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ തെറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്ത് നിങ്ങള്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുക. ധൈര്യവും സത്യസന്ധതയും നിങ്ങള്‍ക്കുണ്ടെങ്കില്‍ പരസ്യമായി ക്ഷമാപണം നടത്തുകയെന്നും എം വി നാരായണൻ കത്തിൽ പറയുന്നു.
ഇരുവരും ആദ്യം കണ്ട സമയത്തെ ഓർമിപ്പിച്ച്, ശ്രീനാരയണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലെ വരികള്‍ ഉദ്ധരിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.
An Open Letter To Governor By kalady Varsity Former VC