ഇന്ത്യയിലും വിദേശത്തുമായി മാസങ്ങള്‍ നീണ്ട പ്രീ വെഡിംഗ് ആഘോഷങ്ങള്‍ക്ക് ഒടുവില്‍ മുകേഷ് അംബാനി – നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും ഇന്ന് വിവാഹിതരാകും. വ്യവസായിയായ വീരന്‍ മെര്‍ച്ചന്റിന്റെയും ഭാര്യ ഷൈലയുടെയും മകളാണ് രാധിക.
മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറില്‍ നിന്നുതുടങ്ങി ജൂണില്‍ ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള ആഡംബര കപ്പലില്‍ വരെ എത്തിനിന്ന പ്രീ വെഡിംഗ് ആഘോഷം അതിന്റെ അവസാന ഘട്ടത്തില്‍ മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് എത്തിയിരിക്കുകയാണ്. മുംബൈയിലെ ബികെസിയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന വിവാഹത്തില്‍ ലോകം തന്നെ സാക്ഷിയാകുകയാണ്. ഇന്ന് തുടങ്ങുന്ന ചടങ്ങ് 15 ന് റിസപ്ഷനോട് കൂടി മൂന്ന് ദിവസം കൊണ്ടാണ് അവസാനിക്കുക.
ഇന്ത്യയിലും വിേദശത്തുമുള്ള പ്രമുഖരെല്ലാം പങ്കെടുക്കുന്ന ചടങ്ങ് താരസാന്നിധ്യം കൊണ്ടും ശ്രദ്ധേയമാണ്. വിവാഹത്തിനായി അംബാനി ചിലവഴിക്കുന്നത് 5000 കോടി രൂപയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലുമാകാത്ത ഈ തുക പക്ഷേ അംബാനി കുടുംബത്തിന്റ ആസ്തിയുടെ 0.05 ശതമാനം മാത്രമാണ്. അതായത് ഒരു വിവാഹത്തിനായി ആകെ സമ്പത്തില്‍ നിന്നും ശരാശരി ഇന്ത്യന്‍ കുടുംബങ്ങള്‍ ചിലവഴിക്കുന്നതിനേക്കാള്‍ കുറവാണ് അംബാനി ചിലവഴിക്കുന്നത്. ‘ഫോബ്‌സ് പ്രകാരം മുകേഷ് അംബാനിയുടെ ആസ്തി 2024-ല്‍ 123.2 ബില്യണ്‍ ഡോളറാണ് (10,28,544 കോടി രൂപ).
എന്തായാലും വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകള്‍ പ്രമുഖ സാന്നിധ്യംകൊണ്ട് വലിയ ചര്‍ച്ചയായിരുന്നു. മാത്രമല്ല നിര്‍ധനരായ നിരവധി യുവതികള്‍ ഉള്‍പ്പെടുന്ന സമൂഹ വിവാഹം നടത്തിയ ശേഷമാണ് മുകേഷ് അംബാനിയും കുടുംബവും മകന്റെ വിവാഹത്തിലേക്ക് തിരിഞ്ഞത്.
മുന്‍ യുകെ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ടോണി ബ്ലെയര്‍, ഫ്യൂച്ചറിസ്റ്റ് പീറ്റര്‍ ഡയമാന്‍ഡിസ്, ആര്‍ട്ടിസ്റ്റ് ജെഫ് കൂണ്‍സ്, സെല്‍ഫ് ഹെല്‍പ്പ് കോച്ച് ജെയ് ഷെട്ടി, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ എന്നിവര്‍ ഇന്നത്തെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു. കിം കര്‍ദാഷിയാനും ക്ലോ കര്‍ദാഷിയാനും മുംബൈയില്‍ വിമാനമിറങ്ങിയിട്ടുണ്ട്. ഇവരുടെ ഇന്ത്യയിലേക്കുള്ള ആദ്യ വരവാണിത്.
ബോളിവുഡിലെ നിരവധി താരങ്ങളും ആഘോഷങ്ങളില്‍ പങ്കെടുക്കും. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട് എന്നിവര്‍ ചടങ്ങില്‍ നിറ സാന്നിധ്യമാകും. അതുപോലെ പ്രിയങ്ക ചോപ്ര-ജോനാസ്, ഐശ്വര്യ റായ്-ബച്ചന്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരടക്കം എത്തും.
മൈക് ടൈസണ്‍, യു.എസ്. ഗുസ്തി താരം ജോണ്‍ സീന തുടങ്ങിയവര്‍ വരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
പ്രശസ്ത ഗായകരായ ജസ്റ്റിന്‍ ബീബറും, റിഹാനയും ദില്‍ജിത് ദോസഞ്ജും പ്രീ വെഡ്ഡിംഗ് വേദിയെ ഇളക്കിമറിച്ച് കടന്നുപോയിരുന്നു. കലാ, കായിക, രാഷ്ട്രീയ, സാസ്‌കാരിക പ്രമുഖരെല്ലാം എത്തുന്ന ചടങ്ങ് ലോകത്തെ തന്നെ ഇന്ത്യയിലെത്തിക്കുകയാണ്.