
ഹൈദരാബാദ്: ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണം പാതിവഴിക്കിട്ട് പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടര്‍ കൂടിയായ സ്ഥാനാര്‍ഥി. പ്രകാശം ജില്ലയിലെ ദാർസി നിയമസഭാ മണ്ഡലത്തിലെ ടിഡിപി സ്ഥാനാർത്ഥിയായ ഗോട്ടിപതി ലക്ഷ്മി വ്യാഴാഴ്ച പ്രചാരണത്തിന് പോകാനിരിക്കെയാണ് പ്രസവത്തിനെത്തിയ ഒരു സ്ത്രീയ്ക്ക് അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം എത്തിയത്.
വെങ്കട്ട രമണ എന്ന യുവതിയ്ക്ക് അമ്നിയോട്ടിക് ദ്രവം നഷ്ടമാകുന്നുവെന്നും ഗര്‍ഭിണിയ്ക്കോ ഗര്‍ഭസ്ഥശിശുവിനോ ജീവന് അത്യാഹിതം സംഭവിച്ചേക്കാവുന്ന സാഹചര്യമാണുള്ളതെന്നും അറിഞ്ഞതോടെ ലക്ഷ്മി യുവതിയെ പ്രവേശിപ്പിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിയെ ഗുണ്ടൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് അവിടെയെത്തിച്ചേര്‍ന്ന ലക്ഷ്മി അടിയന്തരശസ്ത്രക്രിയ നടത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിച്ചു.
രാഷ്ട്രീയപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുവരുന്ന ലക്ഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ടിഡിപി ജയിക്കുന്നപക്ഷം ദാര്‍സിയില്‍ സര്‍വസജ്ജീകരണങ്ങളുമുള്ള ആശുപത്രി നിര്‍മിക്കുമെന്ന് ലക്ഷ്മി പറഞ്ഞു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായും അവര്‍ അറിയിച്ചു.