തിരുപ്പതി ലഡ്ഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; ആരോപണം തള്ളി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി

ഹൈദരാബാദ്: വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി പ്രസാദമായ ലഡ്ഡു തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന വിവാദത്തിലേക്ക്.

വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ ഭരണകാലമായ 2019 നും 2024 നും ഇടയിലാണ് ലഡ്ഡു നിര്‍മ്മിക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. എന്നാല്‍, വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഈ ആരോപണം തള്ളി രംഗത്തെത്തി. മാത്രമല്ല, ആരോപണം ദുരുദ്ദേശ്യപരമാണെന്നും വ്യക്തമാക്കി.

‘കഴിഞ്ഞ 5 വര്‍ഷമായി വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരുമലയുടെ പവിത്രത കെടുത്തി. അന്നദാനത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യുകയും വിശുദ്ധ തിരുമല ലഡ്ഡു പോലും നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ച് മലിനമാക്കുകയും ചെയ്തു’ എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. ഇപ്പോള്‍ ശുദ്ധമായ നെയ്യ് ഉപയോഗിക്കുന്നുവെന്നും തിരുമല തിരുപ്പതി ദേവസ്ഥാന (ടിടിഡി)ത്തിന്റെ പവിത്രത സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

ചന്ദ്രബാബു നായിഡു തിരുമലയുടെ പവിത്രത നശിപ്പിച്ചെന്നും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസം വ്രണപ്പെടുത്തിയെന്നും തിരുമല പ്രസാദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം ദുരുദ്ദേശ്യപരമാണെന്നും ആരും അത്തരം വാക്കുകള്‍ സംസാരിക്കുകയോ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യാന്‍ പാടില്ലെന്നും ജഗന്‍ മോഹന്‍ റെഡ്ഡി തെലുങ്കില്‍ എക്‌സില്‍ കുറിച്ചു. രാഷ്ട്രീയ നേട്ടത്തിനായി ചന്ദ്രബാബു നായിഡു ഏത് നിലയിലേക്കും കൂപ്പുകുത്തുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടുവെന്നും ഭക്തരുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഞാനും കുടുംബവും തിരുമല പ്രസാദത്തിന്റെ കാര്യത്തില്‍ സര്‍വ്വശക്തന്റെ മുന്നില്‍ സത്യം ചെയ്യാന്‍ തയ്യാറാണെന്നും ചന്ദ്രബാബു നായിഡു തന്റെ കുടുംബത്തോടൊപ്പം ഇത് ചെയ്യാന്‍ തയ്യാറാണോ എന്നും അദ്ദേഹം ചോദിച്ചു.

ജന സേനയും ബിജെപിയുമായി ചേര്‍ന്ന് ആന്ധ്രാപ്രദേശില്‍ ജൂണിലാണ് തെലുങ്കുദേശം പാര്‍ട്ടി അധികാരത്തില്‍ വന്നത്.

More Stories from this section

family-dental
witywide