കടപ്പ: ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ എസ് ശര്‍മിള ശനിയാഴ്ച കടപ്പ ലോക്സഭാ സീറ്റിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്ലപ്പെട്ട വൈ.എസ് വിവേകാനന്ദ റെഡ്ഡിയുടെ മകളും ശര്‍മിളയുടെ ബന്ധുവുമായ സുനിത നറെഡ്ഡിയും ഒപ്പമുണ്ടായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇടുപ്പുലുപായയിലുള്ള പിതാവ് രാജശേഖര്‍ റെഡ്ഡിയുടെ ശവകുടീരത്തില്‍ ശര്‍മിള പ്രാര്‍ഥന നടത്തിയിരുന്നു. ‘വൈ.എസ് രാജശേഖര്‍ റെഡ്ഡിയെയും വിവേകാനന്ദനെയും കടപ്പക്കാര്‍ മറന്നില്ല. അവരെ മനസ്സില്‍ സൂക്ഷിച്ച് അവര്‍ ഇത്തവണ വോട്ട് ചെയ്യുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’വെന്ന് ശര്‍മിള പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ മകളും ഇപ്പോഴത്തെ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ് ശര്‍മിള. ജനുവരി നാലിനാണ് ശര്‍മിള തന്റെ വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസുമായി ഔദ്യോഗികമായി ലയിപ്പിച്ചത്.
ആന്ധ്രാപ്രദേശിലെ 25 ലോക്സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 13നാണ്.