‘കബീര്‍ സിങ്’, ‘അര്‍ജുന്‍ റെഡ്ഡി’ എന്നീ സിനിമകളെക്കുറിച്ച് നടി പാര്‍വതി തിരുവോത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡി. എന്താണ് അക്രമത്തെ മഹത്വവത്കരിക്കല്‍ എന്നത് മനസിലാക്കാന്‍ പാര്‍വതിക്ക് സാധിക്കാത്തതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
2019ല്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ‘കബീര്‍ സിങ്’, ‘അര്‍ജുന്‍ റെഡ്ഡി’ എന്നീ സിനിമകള്‍ളുടെ ദൃശ്യ ഭാഷ അക്രമത്തെ മഹത്വവത്കരിക്കുന്നതാണെന്ന് പാര്‍വതി പറഞ്ഞത്. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലെ നായകന്‍ വിജയ് ദേവരകൊണ്ടയും അന്ന് നടന്ന റൗണ്ട് ടേബിള്‍ അഭിമുഖത്തിന്റെ ഭാഗമായിരുന്നു. തെലുങ്കില്‍ റിലീസ് ചെയ്ത ‘അര്‍ജുന്‍ റെഡ്ഡി’യുടെ ബോളിവുഡ് പതിപ്പായിരുന്നു ‘കബീര്‍ സിങ്’. വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം ആയിരുന്നു ‘കബീര്‍ സിങ്ങി’ലെ നായകന്‍.
‘എന്താണ് മഹത്വവത്കരണം എന്ന് ആളുകള്‍ക്ക് മനസിലാകുന്നില്ല. ക്ലൈമാക്‌സില്‍ നായകനില്‍ നിന്ന് ഒരു പ്രഭാഷണം അവര്‍ പ്രതീക്ഷിക്കുന്നു. അവിടെ അയാള്‍ തന്റെ എല്ലാ തെറ്റുകളും സമ്മതിക്കുന്നു. നായകന്‍ ഒരു പട്ടിയെപ്പോലെ മരിച്ചുവീഴുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സാധാരണക്കാരുടെ കാര്യം വിടൂ, അഭിനേതാക്കള്‍ പോലും ഇത് മനസിലാക്കുന്നില്ല,’ സന്ദീപ് പറഞ്ഞു.
‘ഒരു മലയാളം നടി ഉണ്ടായിരുന്നു. പാര്‍വതി തിരുവോത്ത് എന്നാണ് അവരുടെ പേരെന്ന് തോന്നുന്നു. അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു ‘ജോക്കര്‍’ കൊലപാതകത്തെ മഹത്വവത്കരിച്ചിട്ടില്ല എന്ന്. ഒരു പാട്ടിനൊപ്പം ജോക്കര്‍ പടിക്കെട്ടുകളില്‍ നിന്ന് ഡാന്‍സ് ചെയ്യുന്ന സീന്‍ ഉണ്ട്. അത് മഹത്വവത്കരണമായി അവര്‍ക്ക് തോന്നിയില്ല. ഞാന്‍ ഞെട്ടിപ്പോയി. അവരൊരു നല്ല നടിയാണ്. അവരെപ്പോലെ ഒരാള്‍ക്ക് ജോക്കര്‍ അക്രമത്തെ മഹത്വവത്കരിക്കുന്നില്ലെന്നും കബീര്‍ സിങ് അത് ചെയ്യുന്നുണ്ടെന്നും തോന്നുകയാണെങ്കില്‍, സാധാരണ പ്രേക്ഷകരില്‍ നിന്ന് നമ്മള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്?’