ബെംഗളൂരൂ: കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ്വ അർജുന് വേണ്ടിയുള്ള വെള്ളിയാഴ്ചത്തെ തിരച്ചിൽ അവസാനിപ്പിച്ചു. മഴ വീണ്ടും ശക്തമായതും വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതിനാലുമാണ് തിരച്ചിൽ നിർത്തിയത്. രാത്രി രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാളെ പുലർച്ചെ തിരച്ചിൽ തുടരുമെന്നും ഉത്തര കന്നഡ എസ് പി എം നാരായണ അറിയിച്ചു.
രാത്രി ഒൻപതുമണി വരെ ലൈറ്റുകൾ ഉൾപ്പെടെ ക്രമീകരിച്ച് രക്ഷാപ്രവർത്തനം തുടർന്നിരുന്നു. ശനിയാഴ്ച പുലർച്ചെ അഞ്ചര മുതൽ തിരച്ചിൽ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ബെംഗളൂരൂവിൽ നിന്ന് റാഡാർ ഡിവൈസ് എത്തിച്ച് തിരച്ചിൽ നടത്താനാണ് തീരുമാനം. റഡാർ വഴി ലോറി കൃത്യമായി കണ്ടാത്താൻ കഴിഞ്ഞാൽ അതേ ദിശയിൽ മണ്ണെടുത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.
തടി കയറ്റിവരുന്ന ലോറിയുമായി ഈ മാസം എട്ടിനാണ് അര്‍ജുന്‍ കര്‍ണാടകയിലേക്ക് പോയത്. നാല് ദിവസം മുമ്പാണ് അർജുനെ കാണാതായത്. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാൻ ഇറങ്ങിയവർ അപകടത്തിൽപ്പെട്ടിരുന്നതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്നൽ അവസാനമായി ലഭിച്ചത് മണ്ണിടിച്ചിൽ നടന്ന സ്ഥലത്തു നിന്നാണ്. വണ്ടിയുടെ എൻജിൻ ഇപ്പോഴും പ്രവർത്തിക്കുന്നുമുണ്ട്. അങ്ങനെയെങ്കിൽ മണ്ണിനടിയിൽ ലോറിയും അർജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മണ്ണ് കല്ലും കടക്കാന്‍ ഇടയില്ലാത്ത തരത്തില്‍ സുരക്ഷാ സംവിധാനങ്ങളേറെയുള്ള കാബിനാണ് വാഹനത്തിനുള്ളത്.