നാലിടത്ത് ലോഹഭാ​ഗങ്ങൾ, മനുഷ്യസാന്നിദ്ധ്യം കണ്ടെത്തിയില്ല; അർജുൻ ലോറിയുടെ ക്യാബിനകത്തെന്ന് ഉറപ്പില്ല

ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂർ അംഗോല ദേശീയപാത 66ൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ (30) കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ നാലിടങ്ങളിൽ നിന്നാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം സ്പോട്ടിൽ അർജുന്റെ ട്രക്ക് ഉണ്ടാകാം എന്നാണ് കരുതുന്നത്. ഇവിടെ തിരച്ചിൽ ശക്തമാക്കുമെന്നു തിരച്ചിലിന് നേതൃത്വം നൽകുന്ന റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിം​ഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ‍ഡൈവേഴ്സിന് പറ്റാത്ത അവസ്ഥയാണ്. മൂന്ന് നോട്സ് വരെയാണ് നാവികസേന ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ കഴിയുക. എന്നാൽ നിലവിൽ പുഴയിൽ 6 – 8 നോ‍ട്സ് ആണ് അടിയൊഴുക്ക്. അതിൽ ഡൈവർമാരെ ഇറക്കുക എന്നത് ആത്മഹത്യാപരമാണെന്നും രക്ഷാദൗത്യ സംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide