മംഗളൂരു: കർണാകടയിലെ അങ്കോളയില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസത്തിൽ. ഇന്ന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ നടത്തും. ഇന്നലെ ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാവും ഇന്നത്തെ തിരച്ചിൽ. മന്ത്രിമാരായ മുഹമ്മദ് റിയാസും എ.കെ ശശീന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഷിരൂരിൽ ഇന്ന് അനുകൂല കാലാവസ്ഥയാണ്. അർജുനായുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ അൽപ സമയത്തിനുള്ളിൽ ആരംഭിക്കും. അടിത്തട്ടിലെ പരിശോധനയ്ക്ക് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കും. രണ്ട് ഫ്ലോട്ടിങ് പ്ലാറ്റ്‌ഫോമുകളാണ് സ്ഥാപിക്കുക. ഇതുവഴി നേവിയുടെ ദൗത്യ സംഘം ലോറിക്ക് അരികിലെത്താൻ ശ്രമിക്കും.
ഇന്ന് ഉച്ചയോടെ ഒഴുകുന്ന പാലത്തിന്റെ നിർമാണം തുടങ്ങും. കരയിലെ പരിശോധന രാവിലെ 7.30ഓടെ ആരംഭിക്കും. പ്രദേശത്ത് മഴ തുടരുന്നതിനാൽ ഉത്തര കന്നഡ ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
റിട്ട. മേജർ ജനറൽ ഇന്ദ്രബാലിന്റെ നേതൃത്വത്തിൽ വിദഗ്ദസംഘം നടത്തിയ പരിശോധനയിൽ നാലിടത്ത് സിഗ്നൽ ലഭിച്ചിരുന്നു. ഇന്നലെ ഒരു ദൃക്സാക്ഷി ലോറി ഒഴുകി പോകുന്നത് കണ്ടതായി പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലാമത്തെ സിഗ്നൽ ലഭിച്ചത്.