കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നതിനിടെ പ്രതികരണവുമായി അർജുന്റെ ഭാര്യ കൃഷ്ണപ്രിയ. തന്റെ കുഞ്ഞിന്റെ അച്ഛനെ തിരിച്ചുവേണമെന്നും തങ്ങള്‍ക്ക് നീതികിട്ടണം, അവസാനമായെങ്കിലും അര്‍ജുനെ ഒന്നു കാണണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കൃഷ്ണപ്രിയയുടെ പ്രതികരണം.
“എന്റെ കുട്ടിയുടെ അച്ഛനെ എനിക്കുവേണം. ഞങ്ങള്‍ക്ക് നീതികിട്ടണം. ഇതുവരെ ഞാൻ ഒരു മാധ്യമങ്ങളുടെ മുന്നിലും വന്നിട്ടില്ല. ഇനി എനിക്കു പറ്റില്ല. അവസാനമായെങ്കിലും എന്റെ അർജുവേട്ടനെ എനിക്കൊന്നു കാണണം,” കണ്ണീരടക്കാനാകാതെ കൃഷ്ണപ്രിയ പറഞ്ഞു.
പുഴയിലെ തിരച്ചില്‍ ആധുനിക സംവിധാനങ്ങളോടെ വേണമെന്ന് കൃഷ്ണപ്രിയ ആവശ്യപ്പെട്ടു. പുഴയുടെ തീരത്തെ മണ്ണ് നീക്കണം. സൈന്യത്തിന്റെ സേവനത്തില്‍ തൃപ്തിയുണ്ടെന്നും കൃഷ്ണപ്രിയ പറഞ്ഞു.
അതേസമയം , അര്‍ജുനെ കണ്ടെത്താന്‍ പുഴയില്‍ ഡ്രഡ്ജിങ് വേണമെന്ന് രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ ആവശ്യപ്പെട്ടു. തിരച്ചില്‍ തുടരും. നാളെ പുഴയോട് ചേർന്നുള്ള മണ്ണ് നീക്കുകയും പുഴയിൽ ഇറങ്ങിയുള്ള തിരച്ചിലുമാണ് വേണ്ടത്. ഡ്രഡ്ജിങ് സാമ്പത്തിക ചിലവുള്ള കാര്യമായതിനാല്‍ അക്കാര്യം തീരുമാനിക്കേണ്ടത് സർക്കാരാണ്. രാത്രി ജില്ലാ ഭരണ കൂടവുമായി ആലോചിച്ചു അന്തിമ തീരുമാനമെടുക്കുമെന്നും രഞ്ജിത് മാധ്യമങ്ങളോടു പറഞ്ഞു.