ഗംഗാവലി പുഴയിൽ സ്ഫോടനവും പൊട്ടിത്തെറിയും കേട്ടു; അർജുനായുള്ള പുഴയിലെ തിരച്ചിൽ എന്തുകൊണ്ട് വൈകിച്ചു?

ഒമ്പത് ദിവസമായി അർജുനായുള്ള തിരച്ചിൽ തുടങ്ങിയിട്ട്. എന്നാൽ തിരച്ചിലിൽ അപാകതകൾ ഉണ്ടെന്ന് പല ഭാഗത്തുനിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. അപകടം നടന്ന സ്ഥളത്തിന്റെ ഭൂപ്രകൃതി പരിശോധിക്കുമ്പോൾ, കരയിലല്ല, പുഴയിലായിരുന്നു അർജുനുവേണ്ടി തിരയേണ്ടിയിരുന്നത് എന്ന് മനസിലാക്കാം. പുഴയിലേക്കുള്ള അന്വേഷണം വൈകിപ്പിച്ചു എന്നത് ഗുരുതര വീഴ്ചയാണ്.

കുന്നിടിഞ്ഞു താഴേക്കു വീണപ്പോൾ അതോടൊപ്പം ലോറിയും പുഴയിലേക്ക് വീഴാനുള്ള സാധ്യത ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. എന്നാൽ കാണാതായ ബുള്ളറ്റ് ടാങ്കർ ലോറികൾ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കിട്ടിയപ്പോൾ ലോറിയെ ആ രീതിയിൽ കണ്ടെത്തിയിട്ടില്ല എന്നതാണ് പുഴയിലേക്കു പരിശോധന നീളാതിരുന്നതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത്.

ഉരുളൻ തടികൾ കുറുകെ കയറ്റി കെട്ടി മുറുക്കിയ ലോഡുമായി വന്ന ലോറിയാണിത്. 200 മീറ്റർ ഉയരത്തിൽനിന്ന് ടൺ കണക്കിനു മണ്ണ് ഇടിഞ്ഞു വീണപ്പോൾ മണ്ണിനൊപ്പം ലോറിയും പുഴയിൽ മുങ്ങിപ്പോകാനുള്ള സാധ്യതയെ അധികൃതർ എന്തുകൊണ്ട് അവഗണിച്ചു എന്ന ചോദ്യമാണ് വിവിധ ഇടങ്ങളിൽ നിന്നുയരുന്നത്. ഇവിടെ നിർത്തിയിട്ടിരുന്ന 2 ടാങ്കറുകളും നേരെ പുഴയിലേക്കാണ് വീണത്. ഏഴ് കിലോ മീറ്റർ അകലെ ഒഴുകി നടക്കുന്ന രീതിയിലാണ് ഒരു ടാങ്കർ കണ്ടെത്തിയത്. അപകടം നടന്ന ഉടനെ പുഴയിൽ വലിയ സ്ഫോടനവും പൊട്ടിത്തെറിയും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുഴയിലേക്ക് വീണ എൽപിജി ടാങ്കറുകളിലൊന്നു പൊട്ടിത്തെറിച്ചതാണ് ഇതെന്നാണ് കരുതുന്നത്.

കുന്ന് ഇടിഞ്ഞ് ഗംഗാവലി നദിയിലേക്ക് വീണപ്പോൾ സൂനാമി പോലെ വെള്ളം മുകളിലേക്ക് ഇരച്ചു കയറിയിരുന്നു. നദിയിൽ വലിയ പ്രകമ്പനങ്ങളുണ്ടാക്കിയ അപകടമാണ് നടന്നത്. അതിനാൽ പുഴയിൽ ഒന്നിലേറെ വാഹനങ്ങൾ അകപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

More Stories from this section

family-dental
witywide