ഷിരൂർ: ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ കഴിഞ്ഞ രാത്രി അവസാനിപ്പിച്ച അർജുനായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ശക്തമായ കാറ്റ് കാരണം ഡ്രോൺ സ്റ്റേഷൻ പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് സംഘം രാത്രി തിരച്ചിൽ അവസാനിപ്പിച്ചത്. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണെന്നാണ് നാവികസേന വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്ന് നാവികസേന അറിയിച്ചു.
അതേസമയം മണ്ണിടിഞ്ഞു കാണാതായ ലോറിക്കകത്ത് അർജുൻ ഉണ്ടോ എന്നു ഇതുവരെ സ്ഥിരീകരിക്കാനായില്ല. ഇന്നലെ പകൽ തെർമൽ ഇമേജിങ് പരിശോധനയിൽ പുഴയ്ക്കടിയിലെ ലോറിക്കകത്ത് മനുഷ്യശരീരത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. നദിയിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്.
ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കിയിരുന്നു. സേനകൾ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് നിന്നും തന്നെയാണ് ഐബോഡ് സിഗനലും ലഭിച്ചിരിക്കുന്നത്. നദിയിലെ ഒഴുക്ക് രണ്ട് നോട്ടിൽ കൂടുതലെങ്കിൽ ഡൈവർമാർക്ക് ഇറങ്ങാൻ കഴിയില്ല.