അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ അമേരിക്കയിൽ, ഇയാളെ വിട്ടുകിട്ടാൻ മുംബൈ പൊലീസ് ശ്രമം തുടങ്ങി

മുംബൈ: കുപ്രസിദ്ധ അധോലോക സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയ് യു.എസിലുണ്ടെന്ന് സൂചന. യു.എസ് അധികൃതർ നൽകിയ വിവരമനുസരിച്ച് ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം മുംബൈ പൊലീസ് ആരംഭിച്ചു. ഇന്ത്യയിലും കാനഡയിലും വ്യാപിച്ചിട്ടുള്ള ലോറൻസ് ബിഷ്ണോയ് സംഘത്തിലെ കാനഡയിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് അൻമോളും ഗോൾഡി ബ്രാറും ചേർന്നാണ് എന്നു പറയപ്പെടുന്നു.

ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് പുറത്തുനടന്ന വെടിവെപ്പിലും അടുത്തിടെ മുൻമന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് മുംബൈ പൊലീസ് ആരോപിക്കുന്നു. മുംബൈ പൊലീസ് അൻമോൾ ബിഷ്ണോയിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ രാജ്യത്ത് അൻമോൾ ബിഷ്ണോയിയുടെ സാന്നിധ്യത്തെക്കുറിച്ച് യു.എസ്. അധികൃതർ ഇന്ത്യാസർക്കാരിനെ അറിയിച്ചതിനെത്തുടർന്നാണ് ഇയാളെ വിട്ടുകിട്ടാനുള്ള മുംബൈ പൊലീസിന്റെ നീക്കം. മുംബൈ പൊലീസ് ഇപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും സമീപിച്ചിട്ടുണ്ട്. ഗുജറാത്തിലെ സബർമതി ജയിലിൽക്കിടക്കുന്ന ലോറൻസ് ബിഷ്‌ണോയിക്കുവേണ്ടി അധോലോകപ്രവർത്തനം ഏറ്റെടുത്ത് നടപ്പാക്കുന്നത് അൻമോളാണെന്ന് മുംബൈ പൊലീസ് പറയുന്നു.

അൻമോളിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 14-ന് മുംബൈയിലെ ബാന്ദ്രയിൽ നടൻ സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് പുറത്തുനടന്ന വെടിവെപ്പിൽ അൻമോൾ ബിഷ്ണോയിയോടൊപ്പം ലോറൻസും പ്രതിയാണ്.

Anmol Bishnoi in US

More Stories from this section

family-dental
witywide