വാഷിങ്ടന്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഇളയ സഹോദരന്‍ അന്‍മോള്‍ ബിഷ്‌ണോയി യുഎസില്‍ അഭയം തേടാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച അറസ്റ്റിലായ അന്‍മോളെ അയോവയിലെ പോട്ടവട്ടാമി കൗണ്ടി ജയിലിലാണു പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കങ്ങള്‍ മുംബൈ പൊലീസ് ആരംഭിച്ചിരിക്കെയാണു യുഎസില്‍ അഭയം തേടാന്‍ അഭിഭാഷകന്‍ വഴി അപേക്ഷ നല്‍കിയതെന്നാണ് വിവരം.
മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടും ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരായ വധശ്രമത്തിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അന്‍മോള്‍. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ള അന്‍മോള്‍, ഗുജറാത്തിലെ സബര്‍മതി ജയിലിലുള്ള ലോറന്‍സ് ബിഷ്‌ണോയിക്കു വേണ്ടി പുറത്തു ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടപ്പാക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്.
അന്‍മോളിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
അതേസമയം, അഭയം തേടാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി അന്‍മോള്‍ ബോധപൂര്‍വം യുഎസ് അധികൃതര്‍ക്കു കീഴടങ്ങിയിരിക്കാമെന്നാണു സൂചന. നിയമപരമായ മാര്‍ഗങ്ങളിലൂടെ അഭയത്തിനുള്ള നടപടികള്‍ ആരംഭിച്ചതിനാല്‍, അന്‍മോളെ ഉടന്‍ ഇന്ത്യയിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ കൈമാറാന്‍ സാധ്യതയില്ല. ഇതു മുന്നില്‍ക്കണ്ടാണ് അന്‍മോളിന്റെ നീക്കമെന്നും വിലയിരുത്തലുണ്ട്.