ആശ്വാസം, ആൻ ടെസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചു; ‘എല്ലാവരും സുരക്ഷിതർ’

ദില്ലി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിൽ നിന്നും ആശ്വാസ വാർത്ത. കപ്പലിൽ അകപ്പെട്ട മലയാളി യുവതി ആൻ ടെസ ജോസഫ് എല്ലാവരും സുരക്ഷിതരാണെന്ന് അറിയിച്ചു. കുടുംബവുമായി ഫോണിൽ സംസാരിക്കവെയാണ് സുരക്ഷിതയാണെന്നും കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ആൻ ടെസ കുടുംബത്തെ അറിയിച്ചത്. ഫോണുകൾ ഇറാൻ സൈന്യത്തിന്‍റെ പക്കലാണെന്നും ഇന്ന് വീട്ടിലേക്ക് വിളിക്കാൻ അനുവാദം നൽകുകയായിരുന്നുവെന്നും ആൻ ടെസ വ്യക്തമാക്കി.

നേരത്തെ തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫും കപ്പലിലുണ്ടെന്ന് വ്യക്തമാക്കി അച്ഛനാണ് രംഗത്തുവന്നത്. ട്രെയിനിംഗിന്‍റെ ഭാഗമായി ഒമ്പതുമാസമായി കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു ആൻ ടെസയെന്നും മകളുടെ കാര്യത്തിൽ വലിയ ആശങ്ക ഉണ്ടെന്നും അച്ഛൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി കേന്ദ്രത്തിനയച്ച കത്തിൽ മകളുടെ പേരില്ലാത്തത് ദുഃഖമുണ്ടാക്കിയെന്നും കപ്പൽ ജീവനക്കാരെ കാണാൻ ഇന്ത്യൻ അധികൃതർക്ക് ഇറാൻ അനുമതി നൽകിയത് ആശ്വാസമാണെന്നും അച്ഛൻ പറഞ്ഞിരുന്നു.

അതിനിടെ കപ്പലുള്ളവരെ മോചിപ്പിക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്ന ആവശ്യവുമായി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് രംഗത്തെത്തി. ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെഎത്രയും പെട്ടെന്ന് രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide