ഡമാസ്‌കസ്: മധ്യ സിറിയന്‍ നഗരമായ ഹമയില്‍ നിന്ന് 28 കിലോമീറ്റര്‍ കിഴക്ക് റിക്ര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി സിറിയന്‍ ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു. സിറിയയിലെ പല പ്രവിശ്യകളിലും അനുഭവപ്പെട്ട ഭൂചലനം തിങ്കളാഴ്ച രാത്രി 11.56നാണ് ഉണ്ടായത്. ഹമാ നഗരത്തിന് കിഴക്ക് 3.9 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവ കേന്ദ്രം.
രാത്രി 9.30 ന് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് ഈ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിന് 3.7 തീവ്രത രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങല്‍ക്ക് നിര്‍ദേശമുണ്ട്. ശക്തമായ ഭൂകമ്പത്തിന്റെ മുന്നോടിയായാകാം ഇന്നലെയുണ്ടായ ഭൂചലനങ്ങളെന്നും സിറിയന്‍ നാഷണല്‍ ഭൂകമ്പ കേന്ദ്രം മേധാവി റെയ്ദ് അഹ്മദ് പറഞ്ഞു.
2023 ല്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം വടക്കന്‍ സിറിയയിലും പടിഞ്ഞാറന്‍ സിറിയയിലും ഉണ്ടാകുകയും കാര്യമായ നാശനഷ്ടം വരുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ, ഹാമയിലെയും ഡമാസ്‌കസിലെയും പല താമസക്കാരും ഭൂകമ്പ ഭീതിയിലാണെന്നും തുടര്‍ചലനങ്ങളെ ഭയന്ന് കെട്ടിടങ്ങള്‍ക്കു വെളിയില്‍ താമസിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.