കാസര്‍കോട്: കാസര്‍കോട് പടന്നയില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ വീട്ടുമറ്റത്തു നിന്ന് തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി. കുഞ്ഞിനെ പുറത്തേക്ക് കടിച്ചു വലിച്ച കൊണ്ടുപോയ തെരുവുനായ കുട്ടിയെ കടിച്ചു പരുക്കേല്‍പ്പിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ നായ കുട്ടിയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. വടക്കെപ്പുറത്തെ സുലൈമാന്‍-ഫെബീന ദമ്പതികളുടെ മകന്‍ ബഷീറിനാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
തലയ്ക്കു സാരമായി മുറിവേറ്റ ബഷീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. ഒന്നര വയസുകാരനെ തെരുവുനായ കടിച്ചെടുത്ത് പുറത്തേയ്ക്ക് കൊണ്ടുപോയി ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍വാസിയുടെ വീട്ടില്‍ നടന്ന ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുടുംബം.
കാന്തിലോട്ട് ഓടത്തിലെ രതീഷിന്റെ മകന്‍ ഗാന്ധര്‍വ് (9), ഷൈജു മിനി ദമ്പതികളുടെ മകന്‍ നിഹാന്‍ (6) എന്നി കുട്ടികള്‍ക്കും നായയുടെ കടിയേറ്റിരുന്നു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.