
വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മിഡില്‍ ഈസ്റ്റിലേക്ക്. എന്നാല്‍ ഇസ്രായേലിന്റെ നിലപാടും ഹമാസിന്റെ നിശബ്ദതയും അദ്ദേഹത്തിന് കാര്യങ്ങള്‍ എത്ര കടുപ്പമാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. വെടി നിര്‍ത്തല്‍ പദ്ധതി വിജയം കാണുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയതിനുശേഷം ഈ മേഖലയിലേക്കുള്ള ബ്ലിങ്കന്റെ എട്ടാമത്തെ സന്ദര്‍ശനമാണ് ഇപ്പോഴത്തേത്. ഈജിപ്തിലേക്കും പിന്നീട് ഇസ്രായേലിലേക്കും ബ്ലിങ്കന്‍ പോകും എന്നാണ് റിപ്പോര്‍ട്ട്. സമാധാന ശ്രമങ്ങളിലെ പ്രധാന പങ്കാളിയായ ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിയുമായി കെയ്റോയിലും പിന്നീട് ജറുസലേമില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ബ്ലിങ്കന്‍ ചര്‍ച്ചകള്‍ നടത്തും.
നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ വര്‍ധിപ്പിച്ച് തന്റെ അടിത്തറയുടെ ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതിനായി മെയ് 31 ന് പ്രഖ്യാപിച്ച നിര്‍ദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ബ്ലിങ്കെന്‍ സന്ദര്‍ശനം ആസൂത്രണം ചെയ്തത്. ഹമാസ് ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.