പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്, രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മക്കും സഹോദരിക്കും മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവര്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കണം എന്നും കോടതി നിർദേശിച്ചു. കേസിൽ രാഹുലിൻ്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാക്കിയിരുന്നു. സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല.

പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

anticipatory bail for Rahul’s Mother and sister in Pantheerankavu dowry case

More Stories from this section

family-dental
witywide