വാഷിംഗ്ടണ്‍: ബൈഡന്‍ ഭരണകൂടത്തിന്റെ നിരോധനത്തെത്തുടര്‍ന്ന് യു.എസ് വിടുകയാണെന്ന് ആന്റിവൈറസ് ഭീമനായ കാസ്പെര്‍സ്‌കി ലാബ്സ് പ്രഖ്യാപിച്ചു. അമേരിക്കയില്‍ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കമ്പനിയുടെ സോഫ്‌റ്റ്വെയറിന്റെ വില്‍പ്പനയും വിതരണവും നിരോധിച്ചിരുന്നു.
‘രാജ്യത്ത് ബിസിനസ്സ് അവസരങ്ങള്‍ ഇനി മുതല്‍ പ്രാപ്യമല്ല, അതിനാലാണ് രാജ്യം വിടുന്നത്, ദുഃഖകരവും ബുദ്ധിമുട്ടുള്ളതുമായ തീരുമാനമായിരുന്നു ഇതെന്നും കാസ്‌പെര്‍സ്‌കി വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മോസ്‌കോ ആസ്ഥാനമായ കാസ്പെര്‍സ്‌കിയെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന മുന്നറിയിപ്പുകളാണ് ഇപ്പോള്‍ നിരോധനത്തില്‍ എത്തിയിരിക്കുന്നത്. കാസ്പര്‍സ്‌കീ സോഫ്‌റ്റ്വെയര്‍ വഴി റഷ്യ യു.എസില്‍ രഹസ്യ നിരീക്ഷണം നടത്താനിടയുണ്ടെന്നാണ് യു.എസിന്റെ ആശങ്ക. ചൈന ആസ്ഥാനമായ കമ്പനികള്‍ നേരിടുന്നതിനു സമാനമായ രാജ്യ സുരക്ഷാ ആരോപണങ്ങള്‍ക്ക് കമ്പനിയും വിധേയമായിരുന്നു.
റഷ്യന്‍ ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം കാസ്പര്‍സ്‌കീ ആവര്‍ത്തിച്ച് നിഷേധിച്ചിരുന്നു. എങ്കിലും നിരോധന തീരുമാനത്തില്‍ നിന്നും അമേരിക്ക പിന്നോട്ട് പോയില്ല.