കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി നാഷനൽ പീപ്പിൾ പവർ സഖ്യത്തിന്റെ ( എൻപിപി) അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു. ഒരു സ്ഥാനാർഥിക്കും കേവല ഭൂരിപക്ഷമായ 50 % വോട്ട് ലഭിക്കാത്ത സാഹചര്യത്തിൽ രണ്ടാം മുൻഗണന വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ ദിസനായകെ 42.32 % വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്ജെബി) സജിത് പ്രേമദാസ 32.74 % വോട്ടുമാണ് ആദ്യഘട്ട വോട്ടെണ്ണലിൽ നേടിയത്. നിലവിലെ പ്രസിഡന്റ് റനിൽ വിക്രമസിംഗെ 17.26 % വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളിൽ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തിൽ നേടിയത്.
എന്നാൽ വാശിയേറിയ മത്സരത്തിൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ടാം പരിഗണന വോട്ടെണ്ണണമെന്നാണ് ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരം കൂടുതൽ വോട്ടുനേടിയ രണ്ട് സ്ഥാനാർഥികളൊഴികെ വിക്രമസിംഗെ ഉൾപ്പെടെയുള്ള മറ്റെല്ലാവരും തിരഞ്ഞെടുപ്പിൽനിന്ന് പുറത്തായിരുന്നു. പിന്നീട് പുറത്തായ സ്ഥാനാർഥികൾക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണന വോട്ടുകളെണ്ണിയാണ് വിജയിയെ തിരഞ്ഞെടുത്തത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീലങ്കന്‍ തെരഞ്ഞെടുപ്പ് ഇത്രയും ശക്തമായ മത്സരത്തെ അഭിമുഖീകരിക്കുന്നത്.