നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ അന്‍വറിന്റെ അപ്രതീക്ഷിത നീക്കം ; ഡിഎംകെ നേതാക്കളുമായി ചര്‍ച്ച നടത്തി

കൊച്ചി: ഇടതുമായി ഇടഞ്ഞ പി വി അന്‍വര്‍ എം എല്‍ എ. ഡി എം കെ നേതാക്കളുമായി ചര്‍ച്ച നടത്തി. നാളെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് അപ്രതീക്ഷിത നീക്കം. തമിഴ്നാട്ടിലെ ലീഗ് നേതാക്കളെയും അന്‍വര്‍ കണ്ടെന്നും അന്‍വറിന്റെ മകന്‍ സെന്തില്‍ ബാലാജിയുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചെന്നൈയിലെ കെ ടി ഡി സി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

മുസ്ലിം ലീഗിന്റെ തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ എ എം മുഹമ്മദ് അബൂബക്കര്‍, ലീഗിന്റെ മറ്റ് സംസ്ഥാന നേതാക്കള്‍ എന്നിവര്‍ ചെന്നൈയിലെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായാണ് വിവരം. ഇവരെക്കൂടാതെ, ഡി എം കെയുടെ രാജ്യസഭാംഗം എം എം അബ്ദുള്ളയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായും വിവരമുണ്ട്.