തിരുവനന്തപുരം: പിവി അന്‍വറിന്റെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നത് എസ് ഡി പിയഐ, ജമാഅത്ത് പ്രവര്‍ത്തകരാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സി പി എം മുന്‍ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തു നടന്ന പരിപാടിയിലാണ് എം വി ഗോവിന്ദന്റെ പരാമര്‍ശം.
കുറച്ച് പാര്‍ട്ടി അനുഭാവികള്‍ മാത്രമാണ് അന്‍വറിനൊപ്പമുള്ളതെന്നും പരിപാടി പൊളിഞ്ഞതോടെ തൊണ്ടയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടി മാറ്റിവെക്കുകയാണെന്നും ഗോവിന്ദന്റെ പരിഹാസമുയര്‍ന്നു.
ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗും കോണ്‍ഗ്രസും ചേര്‍ന്ന അവിശുദ്ധ മുന്നണിയാണ് അന്‍വറിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഈ അവിശുദ്ധ സഖ്യം, ഇപ്പോള്‍ ഇടതുസര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രവര്‍ത്തിക്കുകയാണെന്നും ഇന്നലെ കോഴിക്കോട് നടന്ന അന്‍വറിന്റെ പൊതുയോഗത്തില്‍ മുന്നൂറ് പേരാണ് ഉണ്ടായിരുന്നതെന്നും പാര്‍ട്ടിക്ക് വ്യക്തമായ കണക്കുണ്ടെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
എം.വി ഗോവിന്ദന്റെ വാക്കുകള്‍
അന്‍വര്‍ ഒരു പൊതുയോഗം നടത്തി. ആരാണതിന്റെ പിന്നിലെന്ന് അത് പരിശോധിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. രണ്ട് പ്രബലമായ വിഭാഗങ്ങളാണ് അതില്‍ പങ്കെടുത്തത്. ഒന്ന് എസ് ഡി പി ഐ ആണ്, മലപ്പുറത്ത് അതിന് ക്ഷാമമില്ലല്ലോ. മറ്റൊന്ന് ജമാഅത്ത് ഇസ്ലാമിയാണ്. അതിനൊപ്പം ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. അതിനിടയില്‍ പത്തോ മുപ്പതോ പേര്‍ മാത്രമാണ് പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍.