ന്യൂഹാംഷെയർ റിപ്പബ്ളിക്കൻ പ്രൈമറിയിൽ ഡോണൾഡ് ട്രംപിന് വൻ വിജയം. യുഎൻ മുൻ അംബാസഡർ നിക്കി ഹേലിയെ ബഹുദൂരം പിന്നിലാക്കിയാണ് ട്രംപ് മുന്നേറിയത്. ഇതോടെ റിപ്പബ്ളിക്കൻ സ്ഥാനാർഥിയായി ട്രംപ് തന്നെ വരും എന്ന് ഉറപ്പായി. റിപ്പബ്ലിക്കൻ പ്രൈമറി നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂ ഹാംപ്‌ഷെയർ. അയോവ കോക്കസിലും ന്യൂഹാംഷെയറിലും വിജയം പാറിച്ച ട്രംപിൻ്റെ യാത്ര അജയ്യമായി തുടരുകയാണ്. ഈ ജയത്തോടെ ആദ്യ രണ്ട് പ്രൈമറികളിലും ജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ട്രംപ് മാറി.
4 കേസുകളിലായി വിചാര നേരിടുന്നെങ്കിലും ട്രംപിന് റിപ്പബ്ളിക്കൻ പാർട്ടിക്കുള്ളിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. എട്ടുമണിയോടെ അസോഷ്യേറ്റ് പ്രസാണ് ട്രംപിൻ്റെ വിജയം പ്രഖ്യാപിച്ചത് .
അയോവയിലും ന്യൂ ഹാംഷെയറിൽ വിജയിക്കാനായില്ലെങ്കിലും നിക്കിഹേലി മൽസരത്തിൽ ഉറച്ചുനിൽക്കുകയാണ്. പല സംസ്ഥാനങ്ങളിലും പ്രൈമറി നടക്കുന്ന മാർച്ചിലെ ‘സൂപ്പർ ചൊവ്വാഴ്ച’ വരെ താൻ മത്സരത്തിൽ തുടരുമെന്ന് ചൊവ്വാഴ്ച ഹേലി അറിയിച്ചിരുന്നു. അന്ന് 15 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കുക.
അടുത്ത മൽസരം നടക്കുന്ന സൗത്ത് കരോലിനയിലെ നോർത്ത് ചാൾസ്റ്റണിൽ ബുധനാഴ്ച സായാഹ്ന റാലി സംഘടിപ്പിക്കാനുള്ള പദ്ധതികളുമായി ഹാലി മുന്നോട്ട് പോവുകയാണ്. സൗത്ത് കരോലിന നിക്കിയുടെ ജനിച്ചു വളർന്ന ദേശമാണ്. അവിടെ അവർ ഗവർണറായിരുന്നു.
എന്നാൽ റിപ്പബ്ലിക്കൻ മുൻനിരക്കാരനായ ട്രംപിന് തെക്കൻ സംസ്ഥാനങ്ങളിൽ കാര്യമായ ലീഡുണ്ട്. അതുകൊണ്ടു തന്നെ സൗത്ത് കരോലിന ട്രംപിനെ തന്നെയാവും പിന്തുണയ്ക്കുക എന്നാണ് സൂചന. നിലവിലെ ഗവർണർ ഹെൻറി മക്മാസ്റ്റർ ഉൾപ്പെടെയുള്ളവർ ട്രംപിന് പിന്തുണ അറിയിച്ചു കഴിഞ്ഞു.
അതിനിടെ, ന്യൂ ഹാംഷെയറിലെ ട്രംപിൻ്റെ വിജയ പ്രസംഗത്തിനിടെ തന്റെ മുൻ റിപ്പബ്ലിക്കൻ എതിരാളി വിവേക് രാമസ്വാമിയെ അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. ട്രംപിന് അഭനന്ദിക്കാൻ മൈക്ക് കയ്യിലെടുത്ത വിവേക് നിക്കി ഹേലിക്ക് എതിരെ ആഞ്ഞടിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട മുഖമാണ് നിക്കി എന്നാണ് വിവേക് അവരെ വിശേഷിപ്പിച്ചത്. അമേരിക്കയിലെ പൊതു തിരഞ്ഞെടുപ്പ് ആരംഭിച്ചെന്നും ട്രംപ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വിവേക് പറഞ്ഞു. ഫ്ലോറിഡ ഗവർണർ റോൺ ഡി സാന്റിസും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും അയോവയിലേറ്റ പരാജയത്തോടെ മൽസരത്തിൽ നിന്ന് പിന്മാറിയിരുന്നു.
AP names Trump the Republican winner In New Hamshire