ന്യൂഡൽഹി: യോഗ ഗുരു ബാബ രാംദേവിന്റെപതഞ്ജലി ആയുർവേദിനെതിരായ കോടിയലക്ഷ്യക്കേസിൽ കമ്പനി നടത്തിയ ക്ഷമാപണത്തെ പരിഹസിച്ച് സുപ്രീം കോടതി. ക്ഷമാപണം നടത്തി പ്രസിദ്ധീകരിച്ച പത്രപരസ്യത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇന്ന് പത്രങ്ങളിൽ നൽകിയ മാപ്പിൻ്റെ വലുപ്പം അതിൻ്റെ ഉൽപ്പന്നങ്ങളുടെ മുഴുവൻ പേജ് പരസ്യത്തിന് സമാനമാണോ എന്ന് കോടതി ചോദിച്ചു. മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ ക്ഷമാപണം കാണാനാകൂ എന്ന സ്ഥിതിയാകരുത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ പറ്റി ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ താല്‍പ്പര്യമാണ് പ്രധാനമെന്നും ജസ്റ്റിസ് ഹിമാ കോഹ്‌ലി അധ്യക്ഷയായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
എന്തിനാണ് ക്ഷമാപണം നടത്താൻ ഇന്നലെവരെ കാത്തിരുന്നതെന്നും അത് നേരത്തെ ചെയ്തുകൂടായിരുന്നോ എന്നും ബെഞ്ച് ചോദിച്ചു. 10 ലക്ഷം രൂപ ചെലവിൽ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതായി റോത്തഗി പറഞ്ഞു. “മാപ്പപേക്ഷ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? നിങ്ങളുടെ മുൻ പരസ്യങ്ങളുടെ അതേ ഫോണ്ടും വലുപ്പവും ആണോ?” ജസ്റ്റിസ് ഹിമ കോഹ്ലി ചോദിച്ചു. കമ്പനി ലക്ഷങ്ങൾ ചെലവഴിച്ചുവെന്ന് റോത്തഗി പറഞ്ഞപ്പോൾ, “ഞങ്ങളെ ബാധിക്കുന്നതല്ല” എന്ന് കോടതി മറുപടി നൽകി.
പതഞ്ജലിക്കെതിരായ കേസിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് (ഐഎംഎ) 1000 കോടി രൂപ പിഴയീടാക്കണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. “ഇതൊരു പ്രോക്‌സി ഹരജിയാണോ? ഞങ്ങൾ സംശയിക്കുന്നു.” എന്നാൽ തന്റെ കക്ഷികൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് റോത്തഗി വ്യക്തമാക്കി.
പത്രങ്ങളിൽ വലിയരീതിയിൽ മാപ്പ് പ്രസിദ്ധീകരിക്കാമെന്ന് രാംദേവ് പറഞ്ഞതിനെ തുടർന്ന് സുപ്രീം കോടതി കേസ് ഒരാഴ്ചത്തേക്ക് മാറ്റിവച്ചു.