ആപ്പിളിൻ്റെ  പുതിയ ഐപാഡ് പ്രോയുടെ പരസ്യത്തിന് വിമർശനം, മാപ്പ് ചോദിച്ച് ആപ്പിൾ

 ആപ്പിളിൻ്റെ  പുതിയ ഐപാഡ് പ്രോയുടെ പരസ്യം വിപരീത ഫലമാണ്  ഉണ്ടാക്കിയതെന്ന് ആപ്പിൾ തന്നെ സമ്മതിച്ചു. ആപ്പിള്‍ മേധാവി ടിം കുക്ക് പങ്കുവെച്ച പരസ്യ വിഡിയോയുടെ പേരിലാണ് ആപ്പിളിന് വലിയ തോതിൽ വിമര്‍ശനം നേരിടേണ്ടി വന്നത്.  സംഗീതം, ശില്‍പകല, ചിത്രകല, ഗെയിമിങ് ഉള്‍പ്പടെ മനുഷ്യന്റെ സര്‍ഗശേഷി പ്രകടമാകുന്ന എല്ലാം ഒത്തു ചേര്‍ന്നതാണ് പുതിയ ഐപാഡ് പ്രോ എന്ന് അവതരിപ്പിക്കാനാണ് ആപ്പിള്‍ ശ്രമിച്ചത്. 

ഇതിനായി ഒരു ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് സംഗീത ഉപകരണങ്ങള്‍, പെയിൻ്റ് പാത്രങ്ങള്‍,  ആര്‍ക്കേഡ് വിഡിയോ ഗെയിം ഉപകരണം, ഒരു മനുഷ്യന്റെ മുഖത്തിന്റെ രൂപം എന്നിവയെല്ലാം പ്രസ്ചെയ്ത് ചതച്ചെടുക്കുന്നതും പിന്നീട് ഹൈഡ്രോളിക് പ്രസ്സ് തുറക്കുമ്പോള്‍ ഐപാഡ് പ്രോ പ്രത്യക്ഷമാകുന്നതുമാണ്  പരസ്യ  വീഡിയോയില്‍. എന്നാല്‍ ഈ വിഡിയോ  മനുഷ്യന്റെ സര്‍ഗാതമകതയുടേയും കലയുടേയും നാശം ആഘോഷമാക്കുകയാണെന്നാണ് ആരോപണം.


തുടർന്ന്   ആപ്പിളിന്റെ മാര്‍ക്കറ്റിങ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡൻ്റ് ടോര്‍ മിഹ്രെന്‍ ക്ഷമാപണം നടത്തി. “ആപ്പിളിൻ്റെ ഡിഎന്‍എയില്‍ തന്നെ സര്‍ഗാത്മകത നിലകൊള്ളുന്നുണ്ട്. ലോകമെമ്പാടുമുള്ള സര്‍ഗാത്മകതയെ ശാക്തീകരിക്കുന്ന ഉല്പന്നങ്ങള്‍ രൂപകല്‍പന ചെയ്യുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഉപഭോക്താക്കള്‍ക്ക്, സ്വയം പ്രകാശിപ്പിക്കാനും അവരുടെ ആശയങ്ങള്‍ക്ക് ജീവന്‍ നല്‍കാനും സാധിക്കുന്ന അസംഖ്യം മാര്‍ഗങ്ങള്‍ ആഘോഷിക്കുകയാണ് ഐപാഡിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും മിഹ്രെന്‍ പറഞ്ഞു. ആഡ് ഏജ് എന്ന വെബ്‌സൈറ്റിലൂടെയാണ് മിഹ്രെന്‍ ക്ഷമാപണം നടത്തിയത്. ആപ്പിളും ഇതിന് പിന്തുണ നല്‍കി. ക്ഷമാപണം നടത്തിയെങ്കിലും വിഡിയോ പിന്‍വലിച്ചിട്ടില്ല.

Apple Apologizes for its iPad Pro Advertisement