ഐഫോൺ 16 പ്രോ മാക്സ് എത്തുന്നത് ഐഫോൺ 15 പ്രോ മാക്സിനെക്കാൾ കൂടുതൽ വലിപ്പത്തിൽ

ആപ്പിൾ ഐഫോൺ 16 സീരീസ് ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഫോണിനെക്കുറിച്ചുള്ള പല വിവരങ്ങളും ചോരുകയും ഇത് വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഡിസ്‌പ്ലേ, ബാറ്ററി, അപ്ഗ്രേഡ് ചെയ്ത ക്യാമറ എന്നിങ്ങനെ ഐഫോണിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ചർച്ചകളാണ്. പുതിയ ഐഫോൺ 16 പ്രോ മാക്‌സിൻ്റെ വലുപ്പം ഐഫോൺ 15 പ്രോ മാക്‌സിനേക്കാൾ കൂടുതലായിരിക്കും എന്നാണ് റിപ്പോർട്ട്.

ഐഫോൺ 15 പ്രോ മാക്‌സുമായി താരതമ്യപ്പെടുത്തുന്ന ഐഫോൺ 16 പ്രോ മാക്‌സിൻ്റെ ചിത്രങ്ങൾ ടെക് ലീക്ക്സ്റ്റർ ഡാനിയൽ ആണ് ഷെയർ ചെയ്തത്. മൂന്ന് ചിത്രങ്ങളിലായി രണ്ട് ഹാൻഡ്സെറ്റുകളുടെയും ഡിസ്പ്ലേ, ബാക്ക് പാനൽ, വശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും, അതായത് 15 പ്രോമാക്സിന്റെ സ്ക്രീനിനെക്കാൾ 0.2 എംഎം വലുതായിരിക്കും ഐഫോണ്ർ 16 പ്രോമാക്സ്.

ചിത്രങ്ങൾ സ്‌ക്രീൻ അളവുകളിൽ നേരിയ വ്യത്യാസം മാത്രമേ കാണിക്കൂവെങ്കിലും, ഡമ്മി യൂണിറ്റ് യഥാർത്ഥ സ്‌ക്രീൻ വലുപ്പമോ ഡിസ്‌പ്ലേ റെസല്യൂഷനോ അത്തരം മറ്റ് വിശദാംശങ്ങളോ സ്ഥിരീകരിക്കുന്നില്ല. iPhone 16 Pro Max മോഡലിൻ്റെ ബോഡി ഐഫോൺ 15 പ്രോ മാക്‌സിൻ്റേത് പോലെ ടൈറ്റാനിയം ആയിരിക്കുമെന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഐഫോൺ 16 സീരീസിന് വ്യത്യസ്തമായ ക്യാമറ പ്ലേസ്‌മെൻ്റ് ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്. എന്നാൽ ഡാനിയേൽ പങ്കുവച്ച ചിത്രങ്ങളിൽ, 16 പ്രോ മാക്‌സ് മോഡൽ 15 പ്രോമാക്സിൻ്റെ കോപ്പി പോലെ തന്നെയാണ് തോന്നുന്നത്.

ഏറ്റവും പുതിയ N3E 3-നാനോമീറ്റർ നോഡിൽ നിർമ്മിച്ച ഐഫോൺ 16നായി ആപ്പിൾ പുതിയ എ-സീരീസ് ചിപ്പുകൾ രൂപകൽപ്പന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്ക് വ്യത്യസ്ത ചിപ്പുകൾ ഉപയോഗിക്കാം. ഉയർന്ന നിലവാരമുള്ള ചിപ്പ് പ്രോ മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.