സ്ലീപ് അപ്നിയ കണ്ടെത്തും, മരുന്നുകഴിക്കാന്‍ ഓര്‍മ്മിപ്പിക്കും…ആപ്പിള്‍ വാച്ച് 10 സീരീസ് അതുക്കും മേലെ…

ലോകത്താകെയുള്ള ടെക് പ്രേമികളുടെ കാത്തിരിപ്പിന് വിരാരമിട്ട് ആപ്പിള്‍ ഇറ്റ്‌സ്‌ഗ്ലോടൈം ഇവന്റില്‍ പുത്തന്‍ ഡിവൈസുകള്‍ അവതരിപ്പിക്കപ്പെട്ടു. പുതിയ ഐഫോണ്‍ 16 സീരീസിന്റെ ലോഞ്ചിനാല്‍ ശ്രദ്ധേയമായിരുന്നെങ്കിലും ആപ്പിള്‍ ഇറ്റ്‌സ് ഗ്ലോടൈം ഇവന്റില്‍ ആദ്യം അവതരിപ്പിക്കപ്പെട്ടത് ആപ്പിള്‍ വാച്ച് 10 സീരീസ് ആയിരുന്നു. ആപ്പിള്‍ വാച്ച് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2, എയര്‍പോഡ് മോഡലുകളും ഒട്ടനവധി മികച്ച ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്.

ഏറ്റവും വലിയ ഡിസ്‌പ്ലേയും വലിപ്പം കുറഞ്ഞ ഡിസൈനുമാണ് ആപ്പിള്‍ വാച്ച് 10 സീരീസിനെ സ്റ്റാര്‍ ആക്കുന്നത്. വൈഡ് ആംഗിള്‍ OLED ഡിസ്‌പ്ലേയാണ് ആപ്പിള്‍ വാച്ച് 10 സീരീസില്‍ ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 399 ഡോളര്‍ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇത് എക്കാലത്തെയും കനം കുറഞ്ഞതും വേഗതയേറിയതുമായ ചാര്‍ജിംഗ് വാച്ചാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആപ്പിളിന്റെ പുതിയ S10 ചിപ്പാണ് സീരീസ് 10-ന് കരുത്തേകുന്നത്. കൂടാതെ, അതില്‍ നാല് കോര്‍ ന്യൂറല്‍ എഞ്ചിനുമുണ്ട്. ഡബിള്‍ ടാപ്പിംഗ്, സിരി ഡിക്‌റ്റേഷന്‍, ക്രാഷും വീഴ്ചയും കണ്ടെത്തല്‍ എന്നിവ പോലുള്ള പവര്‍ സവിശേഷതകളും ഇടംപിടിച്ചിട്ടുണ്ട്.

എമര്‍ജന്‍സി IOS, ഫോള്‍ ഡിറ്റക്ഷന്‍ എന്നീ ഫീച്ചറുകളും മരുന്ന് കഴിക്കാന്‍ ഓര്‍മ്മപ്പെടുത്തല്‍, രാത്രിയില്‍ ശരീര-താപനില ട്രാക്കുചെയ്യല്‍ അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

സ്ലീപ് അപ്‌നിയ ഡിറ്റക്ഷന്‍ പോലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ട സവിശേഷതകളും ആപ്പിള്‍ വാച്ചിലെ എടുത്തുകാണിക്കേണ്ട പ്രത്യേകതയാണ്. ഉറക്കത്തില്‍ ശ്വസന അസ്വസ്ഥതകള്‍ വാച്ച് നിരീക്ഷിക്കുകയും സ്ലീപ് അപ്‌നിയയുടെ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യും. ഓരോ 30 ദിവസത്തിലും ഉറക്കത്തിന്റെ തോത് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

40% വരെ വര്‍ധിത ബ്രൈറ്റ്‌നസുമായിട്ടാണ് ആപ്പിള്‍ വാച്ച് 10 സീരീസ് ഡിസ്പ്ലേ എത്തിയിരിക്കുന്നത്. ഓള്‍വെയ്‌സ് ഓണ്‍ മോഡ് പിന്തുണയും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ പോളിസിയെ കൈവിടാതെയാണ് വാച്ച് 10 തയാറാക്കിയിരിക്കുന്നത് എന്ന് ആപ്പിള്‍ വ്യക്തമാക്കി. ഒഎസ് 11 അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.

എയര്‍പോഡ് മോഡലുകള്‍

ആപ്പിളിന്റെ AirPods 4, ഒരു പുതിയ H2 ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. യുഎസില്‍ വില 129 ഡോളര്‍ മുതലാണ്. എഎന്‍സിയുള്ള മോഡലിന് 179 ഡോളര്‍ ആണ് വില.

മെച്ചപ്പെട്ട ഓഡിയോ നിലവാരവും ഉറപ്പുതരുന്നു. എയര്‍പോഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് സിരി അറിയിപ്പുകള്‍ക്ക് മറുപടിയായി ‘അതെ’ എന്ന് തലയാട്ടിക്കൊണ്ടോ ‘ഇല്ല’ എന്ന് പറയാന്‍ തലയാട്ടിക്കൊണ്ടോ സിരിയുമായി സംവദിക്കാം. ചാര്‍ജിംഗ് കേസില്‍ USBC പോര്‍ട്ടുകളുണ്ട്.

വരാനിരിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി ‘എയര്‍പോഡ്സ് പ്രോ 2’ ഒരു വ്യക്തിഗത ശ്രവണ സഹായിയായി ‘പരിവര്‍ത്തനം’ ചെയ്യാമെന്നും കമ്പനി പറഞ്ഞു.

അതേസമയം പ്രീ-ഓര്‍ഡറുകള്‍ ഇപ്പോള്‍ ലഭ്യമാണ്, രണ്ട് മോഡലുകളും സെപ്റ്റംബര്‍ 20 ന് പുറത്തിറങ്ങും. എയര്‍പോഡ് മാക്‌സ് യുഎസില്‍ 549 ഡോളറിന് ലോഞ്ച് ചെയ്തു, പ്രീ-ഓര്‍ഡറുകള്‍ ഇന്ന് മുതലും വില്‍പ്പന സെപ്റ്റംബര്‍ 20നും ആരംഭിക്കും.