ന്യൂഡല്‍ഹി: അന്ധവിശ്വാസം ഹരിദ്വാറില്‍ അഞ്ചുവയസ്സുകാരന്റെ ജീവനെടുത്തു. അത്ഭുത രോഗശാന്തിക്കായി കാന്‍സര്‍ ബാധിച്ച മകനെ മാതാപിതാക്കള്‍ ആവര്‍ത്തിച്ച് ഗംഗയില്‍ മുക്കിയതോടെയാണ് കുട്ടി മരിച്ചത്.
മാരകരോഗബാധിതനായ കുട്ടിയുടെ മാതാപിതാക്കള്‍, ‘അത്ഭുത ചികിത്സ’ പ്രതീക്ഷിച്ച് ഗംഗയില്‍ വീണ്ടും വീണ്ടും മുക്കുകയായിരുന്നു. ഹരിദ്വാറിലെ ഹര്‍ കി പൗരിയിലാണ് സംഭവം.
ഡല്‍ഹിയില്‍ നിന്നുള്ള കുടുംബം ബുധനാഴ്ചയാണ് 5 വയസ്സുള്ള കുട്ടിയുമായി ഹര്‍ കി പൗരിയില്‍ എത്തിയത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പം മറ്റൊരു കുടുംബാംഗവും ഉണ്ടായിരുന്നു.
ഹരിദ്വാറില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ഒരു സ്ത്രീ കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഇരിക്കുന്നതും കാണികള്‍ അവളെ ആശ്വസിപ്പിക്കുന്നതും കാണാം. പാതി ഭ്രാന്തമായ രീതിയില്‍ ചിരിക്കുന്ന ആ സ്ത്രീ ‘ഈ കുട്ടി എഴുന്നേറ്റു നില്‍ക്കും, അതാണ് എന്റെ വാക്ക് എന്ന് പറയുന്നുണ്ട്.
വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.
പോലീസ് സൂപ്രണ്ട് (സിറ്റി) സ്വതന്ത്ര കുമാര്‍ സിംഗ് പറയുന്നതനുസരിച്ച്, രക്താര്‍ബുദം ബാധിച്ച മകനെ ഹരിദ്വാറിലെ ഗംഗാ നദിയില്‍ മുങ്ങാന്‍ ദമ്പതികള്‍ കൊണ്ടുവന്നിരുന്നു. സര്‍ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയെ കൈവിട്ടുവെന്നും ഗംഗയില്‍ മുങ്ങിയാല്‍ രോഗശാന്തി വരുമെന്ന് കേട്ടാണ് കുട്ടിയുടെ മാതാപിതാക്കള്‍ അതിദാരുണമായ സംഭവത്തിന് തുടക്കമിട്ടതെന്നും പൊലീസ് പറഞ്ഞു.
അന്ധമായ വിശ്വാസത്തില്‍, ഗംഗയില്‍ മുക്കിയാല്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം കുട്ടിയെ ഹരിദ്വാറിലേക്ക് കൊണ്ടുപോയി. എന്നാല്‍, സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ വീട്ടുകാരുടെ പെരുമാറ്റത്തില്‍ സംശയം പ്രകടിപ്പിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. വീട്ടുകാരാണ് കുട്ടിയെ മുങ്ങിക്കൊന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഡല്‍ഹിയില്‍ നിന്ന് ഹരിദ്വാറിലേക്ക് കുടുംബത്തെ കൊണ്ടുപോയ ടാക്‌സി ഡ്രൈവര്‍ പറയുന്നതനുസരിച്ച്, യാത്രയുടെ തുടക്കത്തില്‍ തന്നെ കുട്ടിക്ക് സുഖമില്ലായിരുന്നു, അവര്‍ ഹരിദ്വാറില്‍ എത്തിയപ്പോഴേക്കും കുട്ടിയുടെ നില വഷളായി. കുട്ടിയുടെ ആരോഗ്യനില മോശമായതിനെ കുറിച്ചും ഗംഗയില്‍ കുളിക്കുന്നതിനെ കുറിച്ചും വീട്ടുകാര്‍ സംസാരിച്ചതായി ടാക്‌സി ഡ്രൈവര്‍ പറഞ്ഞു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.