കോപ്പാ അമേരിക്കയിൽ അര്‍ജന്റീനയെ മെസ്സി നയിക്കും; ഡിബാല പുറത്ത്

ബ്യൂണസ് അയേഴ്സ്: ലോക ചാമ്പ്യൻമാരായ അർജന്‍റീന കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ ചാമ്പ്യന്മാർ കൂടിയായ അര്‍ജന്‍റീന 29 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ ലയണല്‍ മെസിക്കൊപ്പം ലോകകപ്പ് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും കോപ്പ അമേരിക്ക ടീമിലുമുണ്ട്.

അറ്റാക്കിങ് മിഡ്ഫീൽഡർ പൗലോ ഡിബാല ഉൾപ്പെടെ ലോകകപ്പ് സ്ക്വാഡിലുണ്ടായിരുന്ന നാല് പേർ പുറത്തായി. വിയ്യാ റയലിന്റെ യുവാൻ ഫോയ്ത്ത്, അറ്റ്ലാൻറ യുണൈറ്റഡിന്റെ തിയാഗോ അൽമാഡ, ഉത്തേജക മരുന്നിനെ തുടർന്ന് രണ്ടു വർഷത്തെ വിലക്കുള്ള പാപ്പു ഗോമസ് എന്നിവരാണ് ലയണൽ സ്കലോണിയുടെ ടീമിൽ നിന്ന് പുറത്തായത്. 29 അംഗ ടീമിൽ നിന്ന് ടൂർണമെന്റിന് മുൻപായി 26 അംഗങ്ങളാക്കി ചുരുക്കും. കോപ്പ അമേരിക്കക്ക് മുൻപ് ജൂൺ 9ന് ഇക്വഡോറുമായും 14 ന് ഗോട്ടിമാലയുമായാണ് സൗഹൃദപോരാട്ടം.