ന്യൂജഴ്‌സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയ്‌ക്കെതിരെ വിജയിച്ച അര്‍ജന്റീന ഫൈനലില്‍. അര്‍ജന്റീനൻ നായകന്‍ ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലോകചാമ്പ്യന്‍മാരുടെ ജയം.
ആദ്യ പകുതിയില്‍ ജൂലിയന്‍ അല്‍വാരസും രണ്ടാം പകുതിയില്‍ മെസ്സിയും ഗോള്‍ നേടി. വ്യാഴാഴ്ച രാവിലെ നടക്കുന്ന കൊളംബിയ-യുറഗ്വായ് രണ്ടാം സെമി ഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ നേരിടുക.
22-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് ലോകചാമ്പ്യന്‍മാരെ മുന്നിലെത്തിച്ചത്. 51-ാം മിനിറ്റില്‍ മെസ്സിയും ഗോള്‍ അടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് വന്നപ്പോഴും അര്‍ജന്റീന എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചിരുന്നു.
El pase de De Paul.
— ChiringuitoLatino (@chirilatino) July 10, 2024
El control y definición de Julián Álvarez.
Argentina quiere esta #CopaAmerica.pic.twitter.com/UbCA7joO72
രണ്ടാംപകുതിയിലായിരുന്നു മെസ്സിയുടെ ഗോള്‍. മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് പിറകിലേക്ക് നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്‌സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്‌സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. മെസ്സി ഓഫ്‌സൈഡാണെന്ന് വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്‌ക്കൊടുവില്‍ ഗോള്‍ തന്നെ എന്നു തീരുമാനമായി.
കോപ്പയിലെ മെസ്സിയുടെ ആദ്യ ഗോള്‍ (2-0). മത്സരത്തിലുടനീളം മെസ്സിയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. 12-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ നല്‍കിയ പാസ് മെസ്സി ഗോള്‍വല ലക്ഷ്യമാക്കി പായിച്ചെങ്കിലും പുറത്തേക്ക് പോയി. 44-ാം മിനിറ്റില്‍ കനേഡിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി വീണ്ടും മുന്നേറ്റം നടത്തി. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതില്‍ അപ്പോഴും പരാജയപ്പെട്ടു.
ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ മണലും ഈര്‍പ്പവും കാരണം വേഗം കുറഞ്ഞ പിച്ചിലായിരുന്നു മത്സരം.
Argentina Enters COPA America Final beating Canada